തൃശ്ശൂര്‍: സ്വന്തം കടയ്ക്കുമുന്നില്‍ ജീവിതപങ്കാളിയെ തേടി ബോര്‍ഡ് വച്ചിരിക്കുകയാണ് തൃശൂര്‍ ചേര്‍പ്പ് സ്വദേശിയായ ഉണ്ണികൃഷ്ണന്. സുഹൃത്ത് ബോര്‍ഡ് ഫേസ്ബുക്കിലിട്ടതോടെ ഉണ്ണികൃഷ്ണന്റെ വിവാഹാലോചന വൈറലായി മാറി.
ജീവിതമാര്‍ഗം നേരെയായ ശേഷം മതി കല്ല്യാണം എന്നത് 33 കാരനായ ഉണ്ണിക്ക് നിര്‍ബന്ധമായിരുന്നു. അതനുസരിച്ച് ആദ്യം ചില്ലറ ലോട്ടറി വില്‍പ്പന തുടങ്ങി. ഇപ്പോള്‍ ചായക്കടയും. പലവഴി കല്യാണാലോചന നടത്തിയെങ്കിലും ഫലം കണ്ടില്ല, അപ്പോഴാണ് ബോര്‍ഡ് വെക്കുന്ന ആശയം ഉദിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉണ്ണികൃഷ്ണന് കടയ്ക്കു മുന്പില് ബോര്‍ഡ് വെച്ചു,
‘ജീവിതപങ്കാളിയെ തേടുന്നു, ജാതിമതഭേദമന്യേ,’കൂടെ ഫോണ്‍ നമ്പറും ചേര്‍ത്തു.
മനസ്സിലെ ആഗ്രഹം ഒരു ബോര്‍ഡില്‍ എഴുതിവച്ചതില്‍ എന്താണ് തെറ്റെന്നാണ് ഉണ്ണികൃഷ്ണന്റെ ചോദ്യം. കുറേ നുണകളൊക്കെ പറഞ്ഞ് കല്ല്യാണം കഴിച്ചിട്ടെന്തിനാ, ഞാനൊരു കമ്മ്യൂണിസ്റ്റാണ്, അതുകൊണ്ട് ജാതിമതഭേദമന്യേ തന്നെ മതി കല്യാണം എന്നു തീരുമാനിച്ചതും. ഉണ്ണികൃഷ്ണന് പറയുന്നു.
തൃശൂര്‍ ചേര്‍പ്പില്‍ ഇന്നലെ വരെ വലിയ തിരക്കില്ലാതിരുന്ന ഈ യുവാവിന്റെ ജീവിതം ഇന്ന് നേരം വെളുത്തതോടെ തിക്കും തിരക്കും ഏറിയതായി. ഫോണില്‍ തുരുതുരാ കോളുകള്‍, ചായക്കടയില്‍ കസ്റ്റമേഴ്സും കൂടി.
ജീവിതത്തില്‍ ആദ്യമായിട്ടാ ഇത്രയും പേരെന്നെ വിളിക്കുന്നത്. ഡല്‍ഹിയില്‍ നിന്നുവരെ ആളുകള്‍ വിളിച്ചു. അഭിനന്ദിക്കാനും ഒപ്പം കല്യാണാലോചനയ്ക്കായും. എല്ലാ നമ്പറിലേക്കും തിരിച്ചു വിളിക്കുകയാണിപ്പോള്‍.. ഈ വന്ന നമ്പറിലേക്കെല്ലാം തിരിച്ചുവിളിച്ച് കല്യാണാലോചന നടത്താന്‍ ഇനി വല്ല സോഫ്റ്റ്വെയറും ഉണ്ടാക്കേണ്ടി വരും ഞാന്‍.- ഉണ്ണികൃഷ്ണന് പറയുന്നു.
ബോര്‍ഡ് വയ്ക്കുന്നെന്ന് കേട്ടപ്പോള്‍ വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പായിരുന്നു, അമ്മ പറഞ്ഞു, നിനക്ക് ഭ്രാന്താണെന്ന്, ഞാനാദ്യം എന്തു ചെയ്താലും ആളുകള്‍ ചോദിക്കുന്നത് ഇതാണ് നിനക്ക് ഭ്രാന്താണെന്ന്, അതേ അമ്മ ഇന്ന് വാര്‍ത്ത കണ്ടു കണ്ണുനനയുന്നതും കണ്ടു. ആദ്യം വിമര്‍ശിച്ചവരെല്ലാം പിന്നെ തിരിച്ചറിയും നമ്മള് ചെയ്തതില്‍ കാര്യമുണ്ടെന്ന്.
ഇങ്ങോട്ട് വിളിച്ച എല്ലാ നമ്പറിലേക്കും തിരിച്ചും വിളിക്കും, ആലോചനകളില്‍ ശരിയാകുമെന്ന് തോന്നുന്നത് പോയിക്കാണും, ഇതു കണ്ട് തനിയ്ക്കു യോജിച്ച ഒരു സാധാരണ പെണ്‍കുട്ടി തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ഉണ്ണികൃഷ്ണന്. വല്ലച്ചിറ നായ്കുളത്തുകാട്ടില്‍ നാരായണന് കുട്ടിയുടെയും ഗീതയുടെയും മകനാണ് ഉണ്ണികൃഷ്ണന്.
Discussion about this post