ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോണില്ലെന്ന അരുന്ധതിയുടെ സങ്കടം സുരേഷ്‌ഗോപി കേട്ടു; ഫോണുമായി നേരിട്ട് വീട്ടിലെത്തി; വീടിന്റെ പണിപൂർത്തിയാക്കാൻ സഹായമെത്തിക്കാമെന്ന് വാക്കും നൽകി

മലപ്പുറം: പഠനം ഡിജിറ്റലായെങ്കിലും ഓൺലൈൻ പഠനത്തിനായി സ്മാർട്ട്‌ഫോണില്ലാതെ വിഷമത്തിലായ അരുന്ധതിയെന്ന വിദ്യാർത്ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി വീട്ടിലെത്തി. ഫോണില്ലെന്നു പരാതി അറിയിച്ച പത്താംക്ലാസുകാരിക്കാണ് സുരേഷ് ഗോപി നേരിട്ടെന്ന് ഫോൺ സമ്മാനിച്ചത്.

മലപ്പുറം തേഞ്ഞിപ്പലം ചെട്ടിയാർമാട്ടെ കൃഷ്ണന്റെ മകളാണ് അരുന്ധതി. കുട്ടിയെ തേടിയാണ് സുരേഷ് ഗോപി എത്തിയത്. ആകെയുണ്ടായിരുന്ന ഫോൺ കേടായതോടെ പത്താംക്ലാസ് പഠനം പ്രതിസന്ധിയിലായതോടെയാണ് വിദ്യാർത്ഥിനി ി സുരേഷ് ഗോപിയുടെ ഓഫീസിൽ വിളിച്ച് സങ്കടം അറിയിച്ചത്. വീട്ടിലെ ടെലിവിഷനും കേടാണ്. മേശയും കസേരയും ഇല്ലാത്തതുകൊണ്ട് പഠനം നിലത്തിരുന്നാണന്നും അറിയിച്ചതോടെയാണ് സുരേഷ് ഗോപി മൊബൈൽ ഫോണുമായി നേരിട്ടെത്തിയത്.

നേരത്തെ മേശയും കസേരകളും എത്തിച്ചു നൽകിയിരുന്നു. ഓട്ടോ ഡ്രൈവറായ അച്ഛന്റെ സാമ്പത്തിക പ്രതിസന്ധിയും അരുന്ധതി എംപിയെ ബോധ്യപ്പെടുത്തിയിരുന്നു. സുരേഷ് ഗോപി വീട്ടിൽ നേരിട്ടെത്തുമെന്ന് അറിയിച്ചതോടെ അരുന്ധതിയും കുടുംബവും വലിയ അമ്പരപ്പിലായിരുന്നു. പാതിവഴിയിൽ നിലച്ചു പോയ വീടു നിർമാണം പൂർത്തിയാക്കാമെന്നും ഉറപ്പു നൽകിയാണ് സുരേഷ് ഗോപി മടങ്ങിയത്.

Exit mobile version