തിരുവനന്തപുരം: എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ജീവനക്കാര്‍ക്ക് ഇരിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന നിമയം നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ തൊഴില്‍ നൈപുണ്യവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കുടുങ്ങി 115 സ്ഥാപനങ്ങള്‍.
സംസ്ഥാനത്തെ ടെകസ്റ്റൈല്‍സ്, ജ്വല്ലറി ഷോപ്പുകളില്‍ മന്ത്രി ടിപി രാമകൃഷ്ണന്റെ പ്രത്യേക നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
സംസ്ഥാനത്തെ 239 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതില്‍ 115 സ്ഥാപനങ്ങളില്‍ ചട്ടലംഘനമുള്ളതായി കണ്ടെത്തിയത്. ചട്ടലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കും ഇനിയും തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായ സൗകര്യങ്ങള്‍ ഒരുക്കാത്ത സ്ഥാപനങ്ങള്‍ക്കും മൂന്നു ദിവസത്തിനകം മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തി വിവരം ബന്ധപ്പെട്ട ഓഫീസില്‍ അറിയിക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വിശദമാക്കി.
തൊഴിലാളികളുടെയും ജീവനക്കാരുടെയും അവകാശങ്ങള്‍ സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. 1960ലെ കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും നിയമങ്ങളില്‍ ഭേദഗതി വരുത്തിയാണ് തൊഴില്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടം ഉറപ്പു വരുത്തുന്ന നിയമം പാസാക്കിയത്.
Discussion about this post