ആറ്റിങ്ങല്‍: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് എട്ടുവയസുകാരി മകളുടെ മുന്‍പില്‍ വെച്ച് നടുറോഡില്‍ പരസ്യ വിചാരണ നടത്തിയ വനിതാ പോലീസ് പ്രതിക്കൂട്ടില്‍. മോഷ്ടിച്ചുവെന്ന് പറഞ്ഞ മൊബൈല്‍ ഫോണ്‍ പിങ്ക് പോലീസിന്റെ വാഹനത്തില്‍ നിന്നു കണ്ടെത്തിയതോടെ പോലീസിനും മറുപടി പറയാന്‍ ഇല്ലാതായി.
ആറ്റിങ്ങല്‍ ഊരൂപൊയ്ക സായിഗ്രാമത്തിന് സമീപം കോട്ടറ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കട്ടിയാട് മലമുകള്‍ കല്ലുവെട്ടാന്‍കുഴി വീട്ടില്‍ ജയചന്ദ്രനും (38) മകള്‍ എട്ടുവയസ്സുകാരിയുമാണ് പൊലീസിന്റെ അപമാനത്തിന് ഇരയായത്. തന്റെ അച്ഛനെ പരസ്യ വിചാരണ ചെയ്യുന്നത് കണ്ട് പേടിച്ചു കരഞ്ഞ കുട്ടിയെ കൂടി അവഗണിച്ചായിരുന്നു പോലീസ് വിചാരണ നടത്തിയത്.
സംഭവം വീഡിയോ വഴി പ്രചരിച്ചതോടെ ബാലാവകാശ കമ്മിഷന്‍ ചെയര്‍മാനും , ആറ്റിങ്ങല്‍ പോലീസും വീട്ടിലെത്തി ബാലികയുടെ മൊഴിയെടുത്തു. കുട്ടിക്ക് അടിയന്തിരമായി കൗണ്‍സിലിങ്ങിന് കമ്മിഷന്‍ നിര്‍ദേശം നല്‍കി. സംഭവം സംബന്ധിച്ച് മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ആറ്റിങ്ങല്‍ ഡി വൈ എസ് പി സുനീഷ് ബാബു പറഞ്ഞു. സംഭവത്തില്‍ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കാനാണ് പിതാവിന്റെ തീരുമാനം. സിവില്‍ പോലീസ് ഓഫിസര്‍ രജിതയ്‌ക്കെതിരെ ആണ് പിതാവിന്റെ മൊഴി എന്നാണ് സൂചന. പരാതി ലഭിച്ചിട്ടില്ലെന്നും വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നിജസ്ഥിതി പരിശോധിക്കുകയാണെന്നും ജില്ല പൊലീസ് മേധാവി പി. കെ. മധു പറഞ്ഞു.