വാക്‌സിൻ വിതരണത്തിൽ കേരളം തമിഴ്‌നാടിനെ മാതൃകയാക്കണമെന്ന് ഷാനി പ്രഭാകർ; പൊളിച്ചടുക്കി സോഷ്യൽമീഡിയ

തൃശ്ശൂർ: കേരളം വാക്‌സിൻ വിതരണത്തിൽ തമിഴ്‌നാടിനെ മാതൃകയാക്കണമെന്ന് ആവശ്യപ്പെട്ട് ചാനൽ ചർച്ച നടത്തിയ മനോരമ ന്യൂസ് അവതാരക ഷാനി പ്രഭാകറിന്റെ വാദങ്ങളെ പൊളിച്ചടുക്കി സോഷ്യൽമീഡിയ. വാക്‌സിൻ വിതരണം കേരളത്തിൽ ദിവസവും 5 ലക്ഷത്തിന് മുകളിൽ നൽകണം. അതിന് വേണ്ടി കേരളം തമിഴ്‌നാടിനെ മാതൃക ആക്കണം എന്നുമാണ് ഷാനി കൗണ്ടർ പോയിന്റ് എന്ന പരിപാടിയിൽ ആവശ്യപ്പെട്ടത്.

എന്നാൽ കോവിൻ പോർട്ടലിലെ കഴിഞ്ഞ 30 ദിവസത്തെ കണക്കുകൾ പരിശോധിച്ചാൽ തമിഴ്‌നാട് അഞ്ചുലക്ഷം ഡോസ് വാക്‌സിൻ ഒരു ദിവസം നൽകിയിട്ടില്ലെന്ന് വ്യക്തമാകുമെന്ന് അശ്വിൻ അശോക് എന്ന യുവാവ് ഫേസ്ബുക്കിലൂടെ കണക്കുകൾ നിരത്തുകയാണ്. ഏറ്റവും കൂടുതൽ ഡോസ് നൽകിയത് ഓഗസ്റ്റ് 23നാണ്. അന്നാകട്ടെ, 4.62 ലക്ഷം ഡോസുകളാണ് നൽകിയത്. എന്നാൽ കേരളമാകട്ടെ ഈ കാലയളവിൽ അഞ്ചുലക്ഷം ഡോസ് വാക്‌സിൻ മൂന്ന് തവണയാണ് നൽകിയതെന്നും അശ്വിൻ വിശദീകരിക്കുന്നു. തെറ്റായ വിവരം നൽകിയ ഷാനി ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന ആവശ്യം.

അശ്വിൻ അശോകിന്റെ ഫേസ്ബുക്ക് കുറിപ്പ്:

മനോരമ Counter Point ൽ ഷാനി പ്രഭാകർ പറയുന്നു വാക്‌സിൻ വിതരണം കേരളത്തിൽ ദിവസവും 5 ലക്ഷത്തിന് മുകളിൽ നൽകണം. അതിന് വേണ്ടി കേരളം തമിഴ്‌നാടിനെ മാതൃക ആക്കണം എന്നുമാണ്.

ഇന്ത്യയിൽ പൂർണ്ണമായും വാക്‌സിൻ നൽകുന്നത് കോവിൻ പോർട്ടൽ വഴി ആണ്. ആ സൈറ്റിലെ കണക്ക് പ്രകാരം തമിഴ് നാട്ടിൽ കഴിഞ്ഞ 30 ദിവസത്തിനിടയിൽ ഒരിക്കൽ പോലും 5 ലക്ഷം ഡോസ് ഒരു ദിവസം നൽകിയതായി വിവരം ഇല്ല. ഏറ്റവും കൂടുതൽ നൽകിയത് 4.62L (23/08).

എന്നാൽ കേരളത്തിൽ കഴിഞ്ഞ 30 ദിവസത്തിനിടയിൽ മൂന്ന് തവണ 5 ലക്ഷത്തിന് മുകളിൽ വാക്‌സിൻ നൽകിയിട്ടുണ്ട് 5.15 L (30/07),5.60 L (13/08) ,5.28 L (14/08).

ഇനി അവസാനം ലഭ്യമായ കണക്ക് പ്രകാരം കേരളത്തിൽ 25/08 ന് 4.15 L ഡോസ് വാക്‌സിൻ നൽകിയപ്പോൾ , തമിഴ്‌നാട്ടിൽ 25/08 ന് നൽകിയത് 3.09 L ഡോസ് വാക്‌സിൻ മാത്രമാണ്.

പബ്ലിക്ക് ഡൊമൈനിൽ ഉള്ള ഈ വിവരം പോലും ഒരു മടിയുമില്ലാതെ തെറ്റായ രീതിയിൽ നിരന്തരം ( ചർച്ച തുടങ്ങിയത് മുതൽ വാക്‌സിൻ കൊടുക്കുന്നതിൽ തമിഴ്‌നാടിനെ മാതൃക ആക്കണം എന്നാണ് ഷാനി പറഞ്ഞത്) പറയുന്നവർ പബ്ലിക്ക് ഡൊമൈനിൽ ഇല്ലാത്ത വിഷയത്തെ കുറിച്ച് കൊടുക്കുന്ന വാർത്തകൾ നമ്മൾ എങ്ങനെയാണ് വിശ്വസിക്കുക ?

Shani Prabhakaran ചർച്ച കണ്ട ഒരു പ്രേഷകൻ എന്ന നിലയിൽ താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു.

Exit mobile version