കൊല്ലം: സാമൂഹിക വിരുദ്ധരെ ഭയന്ന് അമ്മയും മക്കളും തീവണ്ടിയില്‍ കഴിഞ്ഞ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് നല്‍കാനും സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
കൊല്ലം ഇരവിപുരത്തെ സുനാമി ഫ്ളാറ്റില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം കാരണം അന്തിയുറങ്ങാന്‍ കഴിയാതെയായ മഞ്ജുവും മക്കളുമാണ് നാല് ദിവസമായി രാത്രിയില്‍ തീവണ്ടിയില്‍ കഴിഞ്ഞത്.
വീട്ടില്‍ സുരക്ഷിതമായി കിടന്നുറങ്ങാനാവാതെ തീവണ്ടിയില്‍ അഭയം കണ്ടെത്തേണ്ടിവന്ന അമ്മയ്ക്കും രണ്ടുമക്കള്‍ക്കും പിന്തുണയുമായി ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിരുന്നു.
സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് അന്വേഷണത്തിന് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കളക്ടറും ജില്ലാ പോലീസ് മേധാവിയും വിഷയത്തില്‍ നേരിട്ടിടപെട്ട് പരാതിക്കു പരിഹാരം കാണണമെന്ന് കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ഇടക്കാല ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നു.
കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി നിയമസഹായവും ഉറപ്പുനല്‍കി. വനിതാകമ്മിഷന്‍ അംഗം ഷാഹിദാ കമാലും കുടുംബത്തിന് പിന്തുണയറിയിച്ചു. പത്തനാപുരത്തെ ഗാന്ധിഭവനും വൈക്കം ഗാന്ധിസ്മൃതിയും അഭയമേകാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു.