തിരുവനന്തപുരം: 19 ദിവസം കൊണ്ട് കേരളം നടന്നു കണ്ട് കാസര്‍കോടി കുമ്പള സ്വദേശികളായ ആഷിഖ് ബേളയും ഗ്ലെന്‍ പ്രീതേഷ് കിദൂറും. ഒരു ദിവസം 45 കിലോ മീറ്റര്‍ വീതം നടന്നാണ് ഇരുവരും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ കാസര്‍കോട്ട്നിന്നും തിരുവനന്തപുരത്ത് നടന്നെത്തിയത്.
‘വാക്ക് ടു ഹെല്‍ത്ത്’ എന്ന സന്ദേശവുമായി ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡിലേയ്ക്ക് നടക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. യുവതലമുറ കംപ്യൂട്ടറിനും മൊബൈലിനും അടിമയായി വ്യായാമ കുറവുമൂലം രോഗികളാകുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു സന്ദേശം തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ഇവര്‍ പറയുന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റ് ആറിന് രാവിലെ എട്ടുമണിക്ക് കാസര്‍കോട് സീതാംഗോളിയില്‍ നിന്നാണ് ഇരുവരും യാത്ര ആരംഭിച്ചത്. രക്ഷിതാക്കളും സുഹൃത്തുക്കളും അടങ്ങുന്ന ചെറിയ ചടങ്ങില്‍ പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആള്‍വയാണ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. 25 ന് തിരുവനന്തപുരം പാളയം ജുമാ മസ്ജിദിനുമുന്നില് അവര്‍ യാത്ര അവസാനിപ്പിക്കുകയായിരുന്നു. യൂട്യൂബിലെ ട്രാവല്‍ വ്ളോഗുകള്‍ കണ്ടാണ് കേരളം ചുറ്റിയടിക്കണമെന്ന ആഗ്രഹമുണ്ടായതെന്ന് ആഷിഖ് പറയുന്നു.
കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളായ ഇരുവരും ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം വന്നതിന് പിന്നാലെയാണ് നടന്നുള്ള യാത്ര ആരംഭിച്ചത്. വ്യത്യസ്തമായ സന്ദേശം നല്‍കണമെന്ന ആഗ്രഹത്തിലാണ് നടന്ന് യാത്ര പോകാന്‍ തീരുമാനിച്ചതെന്നും ഇവര്‍ പറഞ്ഞു. ആദ്യം വീട്ടില്‍ നിന്ന് എതിര്പ്പുകളുയര്ന്നുവെങ്കിലും ഒടുവില്‍ സമ്മതം മൂളുകയായിരുന്നു.
ആഷിഖിന്റെ പിതാവ് ഏറെ നാള് സൗദിയിലായിരുന്നു. ഇപ്പോള്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയെത്തി. ഗ്ലെന്നിന്റെ പിതാവ് ഓട്ടോ റിക്ഷ ടാക്സി ഓടിച്ചാണ് കുടുംബം നോക്കുന്നത്. പോക്കറ്റ് മണിയായി വീട്ടുകാര്‍ മുമ്പ് നല്‍കിയിരുന്ന ചെറിയ തുകയും കൊണ്ടാണ് യാത്ര തുടങ്ങിയത്. ഭക്ഷണത്തിനും മറ്റു ചെലവുകള്‍ക്കും പിന്നീട് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായം ചെറിയ തുകകളായി എത്തിക്കൊണ്ടിരുന്നു.
രാത്രിയില്‍ സുരക്ഷിതമായ സ്ഥലം കണ്ടെത്തി ടെന്റ് കെട്ടി അതിലാണ് വിശ്രമം. പുലര്‍ച്ചെ അഞ്ചുമണിക്ക് എഴുന്നേറ്റ് യാത്ര തുടങ്ങുകയായിരുന്നു രീതി. കുറഞ്ഞത് 45 കിലോ മീറ്ററെങ്കിലും ഒരു ദിവസം പിന്നിടും. 50 കിലോ മീറ്റര്‍ നടന്ന ദിവസങ്ങളും ഉണ്ടെന്ന് ഇവര്‍ പറയുന്നു.
Discussion about this post