സിനിമാ നിർമ്മാതാവായി പേരെടുത്തെങ്കിലും നൗഷാദിന്റെ കഴിവും നൈപുണ്യവും പാചകത്തിലായിരുന്നു. ‘ബിഗ് നൗഷാദ്’ എന്ന പേര് കേരളത്തിന് പുറമെ ലോകത്തിന്റെ തന്നെ പലഭാഗത്തും പ്രശസ്തവുമായിരുന്നു. ടെലിവിഷൻ ചാനലുകളിലൂടെ സൗമ്യമായ പുഞ്ചിരിയും ലാളിത്യമാർന്ന അവതരണ ശൈലിയുമായി എത്തിയിരുന്ന നൗഷാദിനെ ആരാധകർക്ക് മറക്കാനുമാകില്ല.
അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം ഏറെ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. കുറച്ച് കാലമായി തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നൗഷാദ്. ഇതിനിടെയാണ് ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
രോഗങ്ങളോട് പൊരുതികൊണ്ടിരിക്കുന്ന നൗഷാദിനെ തേടിയെത്തിയ പ്രിയതമയുടെ വിയോഗം വലിയ ഷോക്കായി മാറുകയായിരുന്നു. ഷീബയുടെ മരണം അദ്ദേഹത്തെ വല്ലാതെ തളർത്തി. മൃതദേഹം നൗഷാദിനെ കാണിച്ചത് ഐസിയുവിൽ എത്തിച്ചായിരുന്നു. ഭാര്യയുടെ വിയോഗത്തിന് പിന്നാലെ രണ്ടാഴ്ചകൾക്കു ശേഷം അദ്ദേഹവും മരണത്തിന് കീഴടങ്ങിയതോടെ ഏക മകൾ നഷ്വ തനിച്ചായിരിക്കുകയാണ്.
പതിമൂന്ന് വയസ്സുകാരിയാണ് നഷ്വ. മാതാവിന്റെ മരണം നൽകിയ മാനസികാഘാതത്തിൽ നിന്നും മോചിതയാകും മുന്നെയാണ് പിതാവ് തിരികെ വരുമെന്ന പ്രതീക്ഷകളും അസ്തമിച്ചിരിക്കുന്നത്. നഷ്വയെ തനിച്ചാക്കി നൗഷാദും യാത്രയായി.
തിരുവല്ലയിൽ കേറ്ററിങ് സർവീസ് നടത്തിയിരുന്ന പിതാവാണ് നൗഷാദിന്റെ ആദ്യഗുരു. പിന്നീട് പാചകത്തിൽ അതീവ തൽപരനായ നൗഷാദ് ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയ ശേഷം കാറ്ററിങ് മേഖലയിൽ ഒരുപാട് വ്യത്യസ്തതകൾ തുറന്നുവെച്ചു. ‘നൗഷാദ് ദ ബിഗ് ഷെഫ്’ എന്ന റസ്റ്റോറന്റ് ശൃംഘല തുടങ്ങിയതോടെയാണ് അദ്ദേഹം അതിപ്രശസ്തനായത്. ഒട്ടനവധി പാചക പരിപാടികളിൽ അവതാരകനായെത്തുകയും ചെയ്തു.
പാചകത്തോടൊപ്പം സിനിമയോടും വലിയ താൽപര്യമുണ്ടായിരുന്ന നൗഷാദിന് സിനിമാലോകത്തേക്കുള്ള വഴി തുറന്നത് ബ്ലെസിയാണ്. സംവിധായകനോടുള്ള സൗഹൃദമാണ് അദ്ദേഹത്തെ നിർമ്മാതാവാക്കിയത്. മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയുടെ സഹനിർമാതാവായാണ് നൗഷാദ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു.
Discussion about this post