മംഗലപുരം: ദേശീയപാതയില്‍ കോരാണി കാരിക്കുഴിയില്‍ നിയന്ത്രണംവിട്ട പോലീസ് ജീപ്പ് കാറിലിടിച്ച് നിയമവിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. അപകടത്തില്‍, സഹോദരനും മാതാപിതാക്കള്‍ക്കും പരിക്കേറ്റു. കൊല്ലം ആശ്രാമം ലക്ഷ്മണനഗര്‍ 88 ജമീലാമന്‍സിലില്‍ സജീദ്-രാജി ദമ്പതിമാരുടെ മകള്‍ അനൈന(22)യാണ് മരിച്ചത്. കാരിക്കുഴി ഭാഗത്ത് റോഡിനു വശത്ത് ഇന്റര്‍ലോക്ക് പാകാനായി എടുത്ത കുഴിയില്‍ വീണാണ് ജീപ്പ് നിയന്ത്രണംവിട്ടത്.
വിവാഹാലോചനയുമായി ബന്ധപ്പെട്ട് കൊല്ലത്തേക്കു പോകവെയാണ് ദാരുണമായ അപകടം നടന്നത്. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ശ്രീകാര്യം ചെക്കാലമുക്ക് വികാസ് നഗറില്‍ വാടകയ്ക്കു താമസിക്കുകയാണ് ഇവര്‍. തിരുവനന്തപുരം ലോ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. സഹോദരന് അംജദിന്റെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
അപകടത്തില്‍ പരിക്കേറ്റ പോലീസ് ഡ്രൈവര്‍ അഹമ്മദിനെ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലും എ.എസ്.ഐ. ഷജീറിനെ ചിറയിന്‍കീഴ് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ചിറയിന്‍കീഴ് പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണംവിട്ട് കാറില്‍ ഇടിക്കുകയായിരുന്നു.
അംജദിന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് കുടുംബം കാറില്‍ കൊല്ലത്തേക്കു പോകുകയായിരുന്നു. അംജദിനെയും അനൈനയെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അനൈനയുടെ ജീവന് രക്ഷിക്കാനായില്ല.
Discussion about this post