കൊല്ലം: സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം രാത്രി വീട്ടില്‍ കഴിയാന്‍ നിവൃത്തിയില്ലാതെ യുവതിയും മക്കളും തീവണ്ടിയില്‍ അഭയം തേടിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. സംഭവത്തില്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം ജില്ലാകളക്ടറും ജില്ലാപോലീസ് മേധാവിയും വിഷയത്തില്‍ നേരിട്ട് ഇടപെട്ട് പരാതിക്ക് പരാഹാരം കാണണമെന്ന് കമ്മീഷന്‍ പ്രത്യേകം ആവശ്യപ്പെട്ടു.
പരാതി പരിഹരിച്ച ശേഷം രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇരവിപുരത്തെ സുനാമി ഫ്ലാറ്റില്‍ താമസിക്കുന്ന മഞ്ജുവിന്റെയും മക്കളുമാണ് തീവണ്ടിയില്‍ അഭയം പ്രാപിച്ചത്. സാമൂഹിക വിരുദ്ധരുടെ ശല്യം മൂലം ഇവര്‍ ട്രെയിനില്‍ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്താണ് നേരം വെളുപ്പിക്കുന്നത്. മകളെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ എടുത്തുകൊണ്ടാണ് ആദ്യം ശല്യം ചെയ്തത്.
ഇത് ചോദ്യം ചെയ്തതോടെ വീടുകയറി ആക്രമിച്ചു. കണ്‍ട്രോള്‍ റൂം പോലീസ് എത്തിയെങ്കിലും ശല്യം ചെയ്യല്‍ തുടര്‍ന്നു. ഇതോടെ വീട്ടില്‍ കയറുവാന്‍ ഭയപ്പെട്ടു. ശേഷം, ഇവര്‍ മക്കളുമൊത്ത് പാര്‍ക്കിലിരുന്ന് സമയം ചിലവഴിച്ചു. രാത്രി എറണാകുളത്തേക്ക് യാത്ര ചെയ്യും. രാവിലെ കൊല്ലത്ത് തിരിച്ചെത്തും. ഇങ്ങനെ തീവണ്ടി യാത്രയിലാണ് ഈ കുടുംബത്തിന്റെ ജീവിതം കഴിച്ചു കൂട്ടുന്നത്.
അനാഥാലയത്തില്‍ വളര്‍ന്ന മഞ്ജുവിന് സുനാമി ഫ്ലാറ്റില്‍ താമസസൗകര്യം ലഭിച്ചപ്പോഴാണ് ചില സാമൂഹികദ്രോഹികള്‍ വാതിലില്‍ മുട്ടിയും വൈദ്യുതി ബന്ധം വിഛേദിച്ചും വീടുകയറി ആക്രമിച്ചും ഉപദ്രവിക്കാന്‍ തുടങ്ങിയത്.