പറവൂർ: കോവിഡ് രോഗം ബാധിച്ചിട്ടും പുറത്തറിയിക്കാതെ ഓഫീസിൽ സാധാരണ നിലയിൽ ജോലിക്ക് എത്തിയ മേലുദ്യോഗസ്ഥനെ പോലീസെത്തി വീട്ടിലേക്ക് തിരിച്ചയച്ചു. പറവൂരിലെ സെയിൽസ് ടാക്സ് ഓഫീസറാണ് അശ്രദ്ധ കാണിച്ചത്. ഈ ഉദ്യോഗസ്ഥൻ താമസിക്കുന്ന സൗത്ത് വാഴക്കുളം ഉൾപ്പെടുന്ന തടിയിട്ടപറമ്പ് പോലീസ് ഇയാൾക്കെതിരെ സമ്പർക്കവിലക്ക് ലംഘിച്ച് പുറത്തിറങ്ങിയതിന് കേസെടുത്തു. സർക്കാർ ജീവനക്കാരനായതിനാൽ റൂറൽ എസ്പി വഴി ജില്ല കലക്ടർക്കും പോലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഈയിടെ സ്ഥലംമാറി പറവൂരിലെത്തിയ സെയിൽസ് ടാക്സ് ഓഫിസർ പെരുമ്പാവൂർ വെങ്ങോല സ്വദേശി മുനീറാണ് (47) കോവിഡ് ബാധിച്ചിട്ടും ബുധനാഴ്ച ഓഫീസിൽ ജോലിക്ക് എത്തിയത്. ഉച്ചവരെ ഇയാൾ ഓഫിസിലുണ്ടായിരുന്നതായി മറ്റ് ജീവനക്കാർ പറയുന്നു. ഇതിനിടെയാണ് പോലീസ് എത്തി തിരിച്ചയച്ചത്.
കഴിഞ്ഞ 20ന് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച കെഎസ്ആർടിസി ബസിൽ യാത്രചെയ്താണ് പറവൂരിലെത്തിയത്. കോവിഡ് ബാധിച്ചിട്ടും ഇയാൾ നാട്ടിൽ കറങ്ങിനടക്കുന്നതായ പരാതിയെത്തുടർന്ന് ആരോഗ്യപ്രവർത്തകരും പോലീസും അന്വേഷിച്ച് ചെന്നപ്പോഴാണ് വീട്ടിലില്ലെന്നും ഓഫീസിലാണെന്നും അറിയുന്നത്.
ഉടനെ പോലീസ് ഉടൻ പറവൂർ സ്പെഷൽ ബ്രാഞ്ച് പോലീസുമായി ബന്ധപ്പെടുകയും ഇയാളെ തിരിച്ചയക്കുകയുമായിരുന്നു. എന്നാല് ബസിൽതന്നെയാണ് ഓഫീസർ തിരിച്ചുപോയതെന്നതും ഞെട്ടിക്കുന്നതാണ്. പറവൂർ സെയിൽസ് ടാക്സ് ഓഫിസിൽ പതിനഞ്ചോളം ജീവനക്കാരുണ്ട്. പോലീസ് എത്തിയപ്പോഴാണ് മേലുദ്യോഗസ്ഥന് കോവിഡാണെന്ന വിവരം ഇവിടെയുള്ളവർ അറിയുന്നത്. ഓഫീസറെ തിരിച്ചയച്ച ശേഷം അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തി ഓഫീസിൽ അണുനശീകരണം നടത്തി. സ്ത്രീ ജീവനക്കാർ അടക്കമുള്ളവർ ഭയാശങ്കയിലാണ്.
Discussion about this post