കൊല്ലം: പോലീസിൽ പരാതിപ്പെട്ടിട്ടും പോലീസ് ഇടപെട്ടിട്ടും ഈ കുടുംബത്തെ വേട്ടയാടി സാമൂഹ്യവിരുദ്ധർ. രാത്രി വാതിലിൽ മുട്ടും, വൈദ്യുതിബന്ധം വിച്ഛേദിക്കും, വീടുകയറി ആക്രമിക്കലുമെല്ലാം ചേർന്ന് ജീവിതം തന്നെ പേടി സ്വപ്‌നമായതോടെ രാത്രി വീട്ടിൽ നിൽക്കാൻ കഴിയാതെ യുവതിയും മക്കളും തിങ്കളാഴ്ച അഭയം കണ്ടെത്തിയത് തീവണ്ടിയിൽ. ട്രെയിൻ ടിക്കറ്റെടുത്ത് അങ്ങോട്ടുമിങ്ങോട്ടും യാത്രചെയ്ത് നേരം വെളുപ്പിക്കുകയായിരുന്നു ഇവർ.
സിനിമയെ വെല്ലുന്ന ഈ സംഭവം കൊല്ലം ഇരവിപുരത്താണെന്നത് കേരളത്തിനാകെ നാണക്കേടാവുകയാണ്. സുനാമി ഫ്‌ളാറ്റിൽ താമസിക്കുന്ന മഞ്ജുവിനും മക്കൾക്കുമാണ് ഈ ദുരവസ്ഥ. അനാഥാലയത്തിലാണ് മഞ്ജു വളർന്നത്. സർക്കാർ സഹായത്താൽ സുനാമി ഫ്‌ളാറ്റിൽ താമസസൗകര്യം കിട്ടി. അവിടെ ജീവിതം പതിയെ പച്ചപിടിച്ചുവരുന്നതിനിടെയാണ് ചില സാമൂഹ്യദ്രോഹികൾ കാരണം വീട്ടിൽ കഴിയാൻപറ്റാത്ത അവസ്ഥയുണ്ടായത്.
മകളെ അപമാനിക്കുന്ന വീഡിയോ എടുത്ത് പ്രചരിപ്പിച്ച ചിലരാണ് ആക്രമണത്തിന് തുടക്കമുട്ടത്. അതു ചോദ്യംചെയ്തതോടെ വീടുകയറി ആക്രമിച്ചു. പിന്നീട് അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി. ഞായറാഴ്ച രാത്രി ചിലർ വാതിലിൽ അടിച്ച് പേടിപ്പിച്ചു. ഫോൺ ചെയ്തപ്പോൾ കൺട്രോൾ റൂം പോലീസ് വന്നെങ്കിലും ഭീഷണിക്കും ശല്യപ്പെടുത്തലിനും കുറവുണ്ടായില്ല. തിങ്കളാഴ്ച വീട്ടിൽ പോകാൻ ധൈര്യമില്ലാതിരുന്നതിനാൽ പകൽ പാർക്കിലിരുന്നു സമയം ചെലവഴിച്ചു. രാത്രി തീവണ്ടിയിൽ കയറി എറണാകുളത്തേക്കുപോയി. തിരിച്ച് രാവിലെ മറ്റൊരു തീവണ്ടിയിൽ കൊല്ലത്തെത്തി.
”ഗ്യാസ് വാങ്ങാൻവെച്ച പണമെടുത്താണ് തീവണ്ടി ടിക്കറ്റ് എടുത്തത്. കോവിഡ് കാലമായതിനാൽ ചെയ്തുകൊണ്ടിരുന്ന വീട്ടുജോലിക്കും പോകാൻ പറ്റുന്നില്ല. അഡ്വ. എം മുഹമ്മദ് ഹുമയൂൺ കോടതിയിൽ സൗജന്യമായി ഹാജരാകുന്നതുകൊണ്ടാണ് കേസ് നടത്താൻ പറ്റിയത്. ചൊവ്വാഴ്ച ഞാൻ വീട്ടിലേക്കു തിരിച്ചുവന്നു. പക്ഷേ, രാത്രി ആരോ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഈ കുഞ്ഞുങ്ങളെയുംകൊണ്ട് ഇനിയെന്തു ചെയ്യണമെന്നറിയില്ല. ഇവരുടെ അച്ഛൻ നേരത്തേ ഞങ്ങളെ ഉപേക്ഷിച്ചുപോയതാണ്”-മഞ്ജു കണ്ണീരോടെ പറയുന്നു.
”മോൾക്ക് പ്ലസ്ടുവിന് നല്ല മാർക്കുണ്ട്. സോഫ്റ്റ് ബോൾ താരമാണ്. പക്ഷേ, ഈ പ്രശ്‌നങ്ങൾ കാരണം അവൾ മാനസികമായി ബുദ്ധിമുട്ടിലാണ്. സ്മാർട്ട് ഫോണില്ലാത്തതിനാൽ മകന്റെ പത്താം ക്‌ളാസ് പഠനവും മുടങ്ങി”- മഞ്ജു തളർച്ചയോടെ പറഞ്ഞു.