കോഴിക്കോട്: ‘വെട്ടിമാറ്റിയാല്‍ മായ്ക്കാന്‍ കഴിയില്ല 387 പേരുകള്‍’, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉള്‍പ്പെടെ 387 പേരുകള്‍ സ്വാതന്ത്ര്യ സമര പോരാളികളുടെ പട്ടികയില്‍ നിന്ന് വെട്ടിമാറ്റാനുള്ള ഐസിഎച്ച്ആര്‍ തീരുമാനത്തിനെതിരെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ രംഗത്ത്. വെട്ടിമാറ്റിയാല്‍ മായ്ക്കാന്‍ കഴിയില്ല 387 പേരുകള്‍ എന്ന പേരിലെഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് തങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ബ്രീട്ടീഷ് വിരുദ്ധവും ജന്മിത്വ വിരുദ്ധവുമായിരുന്നു മലബാര്‍ കലാപമെന്ന് തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഖിലാഫത്ത് പ്രസ്ഥാനം ഇല്ലായിരുന്നുവെങ്കിലും മലബാറില്‍ ഇത്തരമൊരു മുന്നേറ്റം ഉണ്ടാവുമായിരുന്നു. അത്രമാത്രം പീഡനങ്ങളാണ് കുടിയാന്മാന്മാര് ഏറ്റുവാങ്ങിയിരുന്നത്.
1850നും 1921നുമിടയില്‍ അന്‍പതിലേറെ കലാപങ്ങള്‍ ഇവിടെ നടന്നിരുന്നുവെന്നത് അതിന് ഉദാഹരണമാണ്. സമരത്തിനിടെ അന്യായമായി അക്രമം കാണിച്ചവരെ പിടികൂടിയിട്ടുണ്ട്. അവരെ തള്ളിപ്പറയാന്‍ വാരിയന്‍ കുന്നനും മറ്റ് നേതാക്കളും തയ്യാറായിരുന്നു. ഈ ചരിത്രമെല്ലാം മറച്ചുവെച്ചാണ് ഫാഷിസ്റ്റുകള്‍ കള്ളപ്രചാരണം നടത്തുന്നതെന്നും മുനവ്വറലി തങ്ങള്‍ വ്യക്തമാക്കി.
‘വെട്ടി മാറ്റിയാൽ മായ്ക്കാനാവില്ല ആ 387 പേരുകൾ..
മുസ്ലിം സംസ്കൃതിയും ചരിത്രവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും തേച്ച് മായ്ച്ച് കളയാനുള്ള ഇന്ത്യൻ ഫാഷിസ്റ്റുകളുടെ ശ്രമം ഒടുവിൽ സ്വാതന്ത്ര്യ സമര സേനാനികളായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി,ആലി മുസ്ലിയാർ തുടങ്ങിയ 387 മാപ്പിളമാരുടെ പേരുകൾ രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് വെട്ടി നീക്കുന്നതിൽ വരെ എത്തിയിരിക്കുന്നു.ചരിത്രമുറങ്ങുന്ന അലിഗഡ് നഗരത്തിന്റെ പേര് മാറ്റിയ അതേ സമയത്ത് തന്നെയാണ് ഈ നീക്കവും നടക്കുന്നത്.
ഏറനാട്ടിലെയും വള്ളുവനാട്ടിലെയും പോരാട്ടങ്ങൾക്ക് ഖിലാഫത്ത് പ്രസ്ഥാനത്തേക്കാൾ പഴക്കമുണ്ട്.ജന്മികളുടെ കീഴിൽ അടിമകളായി ജീവിച്ചു പോന്ന കർഷകർക്ക് കൃഷി ഭൂമിയിൽ അവകാശമില്ലാതിരുന്ന കാലം! വിയർപ്പൊഴുക്കി വിളവെടുക്കുന്ന സ്വന്തം അദ്ധ്വാന ഫലത്തിന്റെ ഏറിയ പങ്കും ഇടനിലക്കാരും ജന്മികളും പങ്കിട്ടെടുത്തു, കുമ്പിളിൽ കഞ്ഞി വിളമ്പി നിലത്ത് കുനിഞ്ഞിരുന്ന് കുടിക്കേണ്ടി വരുന്ന മൃഗ തുല്യമായ ജീവിത സാഹചര്യം, ബ്രിട്ടീഷ് ഒത്താശയോടെ കള്ളക്കേസുകൾ ചുമത്തപ്പെടാവുന്ന അവസ്ഥ !!.. ഇതൊക്കെയാണ് 19 ആം നൂറ്റാണ്ടിലെ മലബാർ.
ഈ മനുഷ്യർ ജാതിയും മതവും നോക്കാതെ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയതിന്റെ ചരിത ചിത്രങ്ങളാണ് ഒറ്റയടിക്ക് ഫാഷിസ്റ്റുകൾ റദ്ദ് ചെയ്യാൻ ശ്രമിക്കുന്നത്. ഒരേ സമയം ജന്മികളും ബ്രിട്ടീഷ് അധികാരികളും ഈ ജനതയെ അടിച്ചമർത്താൻ ശ്രമിച്ചപ്പോൾ 50 ലേറെ തവണയാണ് അവർ 1850 നും 1921 നും ഇടയിൽ പോരാട്ടത്തിനിറങ്ങിയത്.ഖിലാഫത്ത് സമരം നടന്നാലും ഇല്ലെങ്കിലും മലബാറിലെ സവിശേഷ സാഹചര്യത്തിൽ ഈ പോരാട്ടങ്ങൾക്ക് തുടർച്ചയുണ്ടാവുമായിരുന്നു. 1894 ൽ സ്വന്തം പിതാവിനെ മണ്ണാർക്കാട് പടയെ തുടർന്ന് ബ്രിട്ടീഷുകാർ നാട് കടത്തിയപ്പോൾ വാരിയൻ കുന്നത്തിന്റെ മനസ്സിലും തുടി കൊട്ടി നിന്നത് ഈ തുടർ പോരാട്ടങ്ങളുടെ മാപ്പിള ഇശലുകൾ ആയിരുന്നു. അദ്ദേഹത്തെ ബോംബെയിലേക്കും മക്കയിലേക്കും നാട് കടത്തുമ്പോൾ ദേശീയ തലത്തിൽ പോലും സമരം ശക്തി പ്രാപിച്ചിട്ടില്ല.
മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിയെ പോലുള്ളവരും പറമ്പോട്ട് അച്യുത മേനോൻ,മാധവ മേനോൻ, ഗോപാല മേനോൻ തുടങ്ങി എത്രയെത്ര പേരാണ് ഈ സമരത്തിൽ തോളോട് ചേർന്ന് നിന്നത് ? സമരക്കാരുടെ ആവശ്യം നാടിന്റെ മോചനമായിരുന്നു എന്ന് മനസ്സിലാക്കിയ മനുഷ്യരായിരുന്നു അവർ. കമ്പളത്ത് ഗോവിന്ദൻ നായരെ പോലുള്ളവർ മാപ്പിളപ്പാട്ടുകൾ രചിച്ചു കൊണ്ട് ആ ചരിത്രത്തെ ഏറ്റു പാടിയിട്ടുണ്ട് മത സൗഹാർദ്ദം പൂത്തുലഞ്ഞ മലബാറിൽ.ആ പാട്ടു കേട്ട് ഹിച്ച് കോക്ക് സായിപ്പിന്റെ പ്രതിമ തകർക്കാൻ ഓടിയെത്തിയ മാപ്പിളമാരുടെ ചരിത്രമുണ്ട് ഈ നാടിന്.
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദു മുസ്ലിം മൈത്രിയുടെ വക്താവായിരുന്നു എന്നതിന്റെ തെളിവാണ് മാപ്പിള അധികാരി ചേക്കുട്ടിയുടെ ശിരസ്സ് കുന്തത്തിൽ കോർത്ത് കൊണ്ട് ഒറ്റുകാർക്കെതിരെ മഞ്ചേരിയിൽ നടത്തിയ പ്രസംഗം. തന്റെ പോരാട്ടം ബ്രിട്ടീഷുകാർക്കും അവരുടെ കൂട്ടുകക്ഷികൾക്കും എതിരെയാണ്, അതിൽ മതം നോക്കുകയില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഹിന്ദുക്കളെ ദ്രോഹിക്കാൻ പാടില്ലെന്ന് മാപ്പിളമാരെ അദ്ദേഹം താക്കീത് ചെയ്തു. സമരത്തിന്റെ മറവിൽ ഹിന്ദുക്കൾക്കെതിരെ അന്യായം കാണിച്ചാൽ അവരെ ശിക്ഷിക്കുമെന്ന് പ്രഖ്യാപിച്ചു. ഹിന്ദു മുസ്ലിംകൾ സഹോദരങ്ങൾ ആണെന്ന് ആണയിട്ടു . പുല്ലൂരിലെ നമ്പൂതിരി ബാങ്ക് കൊള്ളയടിച്ച മാപ്പിളമാരെ തൊണ്ടി സഹിതം പിടികൂടി പരസ്യമായി ശിക്ഷിച്ച് ബാങ്കുടമയ്ക്ക് സ്വത്ത് തിരികെ നൽകി. മേലാറ്റൂർ ജന്മികൾക്ക് സംരക്ഷണം നൽകി,മാപ്പിള ജന്മി മന്നാടി മൊയ്തീനെ പിടികൂടി.. ഇവയൊക്കെയും തെളിയിക്കുന്നത് ബ്രിട്ടീഷുകാരോടുള്ള വിധേയത്വം മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രകോപനത്തിന്റെ കാരണം എന്നാണ്.
വാരിയൻ കുന്നത്തിനെ വെടി വെച്ച് കൊന്നവർ അദ്ദേഹത്തെയും 6 മാസത്തെ അദ്ദേഹത്തിന്റെ ഫയലുകളും മണ്ണെണ്ണ ഒഴിച്ചു കത്തിച്ചത് പോലെ ഇപ്പോൾ സംഘ് പരിവാർ അദ്ദേഹത്തിന്റെ ചരിത്രം കത്തിച്ചു കളയാൻ ശ്രമിക്കുകയാണ്. പക്ഷേ കാലാതിവർത്തിയായി അദ്ദേഹത്തിന്റെയും അനുയായികളുടെയും ഓർമ്മകൾ ഒരാൾക്കും മായ്ക്കാൻ കഴിയാതെ ചരിത്രത്തോട് നീതി പുലർത്തുന്ന മതേതര സമൂഹം നില നിർത്തുക തന്നെ ചെയ്യും!’
Discussion about this post