കാസര്‍കോട്: ക്വാറന്റൈനില്‍ കഴിയുന്ന പത്തുവയസ്സുകാരി വിളിച്ച് സഹായമഭ്യര്‍ഥിച്ചു, പിറന്നാള്‍ സമ്മാനവുമായി ഓടിയെത്തി പോലീസ്. ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രമോദിനാണ് കൊവ്വല്‍ പള്ളിയില്‍ നിന്ന് ഫോണ്‍ കോള്‍ വന്നത്.
മേലാംങ്കോട് സ്‌കൂളില്‍ പഠിക്കുന്ന അഞ്ചാം ക്ലാസുകാരിയുടേതാണ് കോള്‍.
തന്റെ അനുജത്തിയുടെ പിറന്നാളാണ്. സമ്മാനം വാങ്ങാന്‍ മാര്‍ഗമില്ല. വീട്ടുകാര്‍ക്ക് കോവിഡ് ആണ്. ഞങ്ങളെല്ലാവരും ക്വാറന്റൈനില്‍ ആണ്. അങ്കിളിന് സഹായിക്കാന്‍ സാധിക്കുമോ എന്നായിരുന്നു അപേക്ഷ.
ഈ വിവരം ഇന്‍സ്‌പെക്ടര്‍ കെപി ഷൈന്‍ ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണനെ അറിയിച്ചു. സത്യസന്ധമായ കോള്‍ ആണോ എന്ന് പ്രമോദിനോട് അദ്ദേഹം അന്വേഷിച്ചു. ‘കുടുക്ക പൊട്ടിച്ച പൈസ ഉണ്ട് അത് തരാം സാര്‍’ എന്നു കൂടി കുട്ടി പറഞ്ഞിരുന്നുവെന്ന് പ്രമോദ് പറഞ്ഞപ്പോള്‍ കാര്യം സത്യമാണെന്ന് ബോധ്യമായി. വിദ്യാര്‍ത്ഥിനി പോലീസ് സ്റ്റേഷനിലേക്ക് വിളിക്കാന്‍ കാണിച്ച മനസ് കണക്കിലെടുത്ത് ഡിവൈഎസ്പി ബാലകൃഷ്ണനും ഇന്‍സ്‌പെക്ടര്‍ ഷൈനും പോലീസ് ഉദ്യോഗസ്ഥരും കൂടി കൈനിറയെ പിറന്നാള്‍ സമ്മാനവുമായി വീട്ടിലെത്തി.
അരിയും പച്ചക്കറിയും ഭക്ഷണ സാധനങ്ങളും റോഡില്‍ നിന്ന് ചുമന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സാധനങ്ങള്‍ വീട്ടില്‍ ഏല്‍പ്പിച്ചു. കുട്ടികളുടെ അത്ഭുതവും സന്തോഷവും കണ്ട് പോലീസുകാര്‍ക്കും സന്തോഷമായി.
പോലീസുകാരുടെ പട കണ്ടപ്പോള്‍ നാട്ടുകാര്‍ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് പിഴ ഈടാക്കാന്‍ വന്നതാണോ എന്ന് സംശയിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ ഇടപെടല്‍ അറിഞ്ഞ് അവരും പ്രശംസിച്ചു. ബുദ്ധിമുട്ട് വരുമ്പോള്‍ പോലീസിനെ ബന്ധപ്പെടണം എന്ന ചിന്ത കുട്ടികളില്‍ വളര്‍ന്നുവരുന്നത് നല്ലതാണെന്ന് ഡിവൈഎസ്പി പറഞ്ഞു.
Discussion about this post