കാക്കനാട്: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാനത്തിനൊപ്പം പതിനായിരം രൂപയും നൽകിയെന്ന വിവാദം ചെയർപേഴ്സണെ കുടുക്കാൻ നടത്തിയ ആസൂത്രിത നീക്കമെന്ന് കോൺഗ്രസ് റിപ്പോർട്ട്. കോൺഗ്രസിലെ ഗ്രൂപ്പുകളിയുടെ ഭാഗമാണ് വിവാദമെന്നാണ് പ്രാഥമിക നിഗമനം.
കോൺഗ്രസ് നേതൃത്വത്തിന് അന്വേഷണ റിപ്പോർട്ട് കൈമാറും. തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ കൗൺസിലർമാർക്ക് ഓണക്കോടിക്ക് ഒപ്പം പതിനായിരം രൂപ നൽകിയെന്ന പരാതി വിവാദമായതിനെ തുടർന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിർദേശപ്രകാരം തെളിവെടുപ്പ് നടന്നത്.
ഓണസമ്മാനമായി 10,000 രൂപ കിട്ടിയിട്ടില്ലെന്നും ചെയർപേഴ്സൺ പണം കവറിൽ കൊടുക്കുന്നത് നേരിൽ കണ്ടിട്ടില്ലെന്നുമാണ് തെളിവെടുപ്പിൽ ഭൂരിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും പറഞ്ഞത്. എന്നാൽ, പങ്കുള്ളതായി സംശയിക്കുന്നുവെന്ന മൊഴിയും നൽകിയിട്ടുണ്ട്.
ആരോപണമുയർന്ന പോലെ തുക കൈമാറ്റം ബോധ്യപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്നു പാർട്ടി നേതൃത്വം മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് തർക്കമാണ് ഇത്തരമൊരു വിവാദത്തിലേക്കെത്തിയതെന്നാണ് തെളിവെടുപ്പിൽ കണ്ടെത്തിയിരിക്കുന്നത്. ചെയർപേഴ്സണെ മാറ്റുന്നതിന് ഇടത് കൗൺസിലർമാരുമായി ചേർന്ന് പാർട്ടിക്കകത്തെ ചിലർ നീക്കങ്ങൾ നടത്തിയെന്നും അതിന്റെ ഭാഗമായാണ് വിവാദം മാധ്യമങ്ങളിലൂടെ പുറത്തുവന്നതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സെക്രട്ടറി കെഎക്സ് സേവ്യർ എന്നിവരാണ് ഇതുസംബന്ധിച്ച തെളിവ് ശേഖരിച്ചത്. സംഭവവുമായി ബന്ധമുള്ളവരെ ഡിസിസി ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു തെളിവെടുപ്പ്.
Discussion about this post