കോട്ടയം: വീട് വെയ്ക്കാനായി മൈനിങ് ആൻറ് ജിയോളജി വകുപ്പിന്റെ അനുമതിയോടെ പൊട്ടിച്ച പാറ നീക്കുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്ഐ അറസ്റ്റിൽ. കോട്ടയം രാമപുരം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജുവിനെയാണ് വിജിലൻസ് കൈയ്യോടെ പിടികൂടിയത്.
രാമപുരം സ്വദേശിയായ ജസ്റ്റിൻ വീട് വെക്കുന്ന സ്ഥലത്തെ പാറ മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ അനുമതിയോടെ പൊട്ടിച്ചുമാറ്റിയിരുന്നു. തുടർന്ന് പൊട്ടിച്ച പാറ സ്ഥലത്തുനിന്ന് നീക്കുന്നതിനിടെ കൈക്കൂലി ആവശ്യപ്പെട്ട് എഎസ്ഐ ബിജു സമീപിക്കുകയായിരുന്നു.
കഴിഞ്ഞ 19ന് ജസ്റ്റിനിൽ നിന്നും 3000 രൂപ ഇത്തരത്തിൽ ആവശ്യപ്പെട്ട് വാങ്ങുകയും ചെയ്തു. എന്നാൽ, പാറ നീക്കണമെങ്കിൽ വീണ്ടും 5000 രൂപ നൽകണമെന്നാവശ്യപ്പെട്ട് എഎസ്ഐ ബിജു ജസ്റ്റിനെ വീണ്ടും വിളിക്കുകയായിരുന്നു. ഇതോടെയാണ് ഗത്യന്തരമില്ലാതായ ജസ്റ്റിൻ ഈ വിവരം വിജിലൻസിന്റെ കിഴക്കൻ മേഖല എസ്പി വിനോദ്കുമാറിനെ അറിയിച്ചത്.
തുടർന്ന് എസ്പിയുടെ നിർദേശാനുസരണം കോട്ടയം യൂണിറ്റ് ഡിവൈഎസ്പി വി.ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകീട്ട് ഏഴ് മണിയോടുകൂടി രാമപുരം പോലീസ് സ്റ്റേഷന് സമീപത്ത് കാത്തുനിൽക്കുകയും, ഈ സമയം ജസ്റ്റിനിൽ നിന്ന് കൈക്കൂലിയുടെ രണ്ടാം ഗഡുവായ 5000 രൂപ വാങ്ങിയ എഎസ്ഐ ബിജുവിനെ കൈയോടെ പിടികൂടുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Discussion about this post