തൃശ്ശൂര്‍: സൈക്കിളില്‍ സഞ്ചരിച്ച 15 വയസുകാരനെ ഇടിച്ചു വീഴ്ത്തി കടന്നു കളഞ്ഞ കാര്‍ യാത്രികനെ നാടുമുഴുവന്‍ തിരഞ്ഞ് പോലീസ്. ഒരു വിളിപ്പാടകലെ ആശുപത്രി ഉണ്ടായിട്ടും ഇടിച്ചിട്ട പയ്യനെ ആശുപത്രിയിലെത്തിക്കാനുള്ള മനസ് പോലും കാണിക്കാതെയാണ് യാത്രികന് അവിടെ നിന്നും കടന്നു കളഞ്ഞത്.
കാര്‍ കണ്ടുപിടിക്കുന്നതായി തെളിവായി ശേഷിക്കുന്നത് വണ്ടിയില്‍ നിന്ന് അടര്‍ന്നുവീണ ബംപറിന്റെ ഭാഗങ്ങള്‍ മാത്രമാണ്. ഇതുമായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അപകടത്തില്‍ കൈയ്യിലും കാലിലും തലയിലും ഗുരുതരമായി പരുക്കേറ്റ കുട്ടി അപകടനില തരണം ചെയ്തു.
ദയ ആശുപത്രിക്കു സമീപം വിയ്യൂര്‍ പാലത്തില്‍ ഏതാനും ദിവസം മുന്‍പായിരുന്നു അപകടം. രാത്രി പത്തോടെയാണു പാലത്തിലൂടെ സൈക്കിളോടിച്ചു പോകുകയായിരുന്ന കുട്ടിയുടെ പിന്നില്‍ വാന്‍ ഇടിച്ചത്. നിയന്ത്രണം വിട്ടു സമീപത്തെ മുന്നറിയിപ്പു ബോര്‍ഡും തകര്‍ത്ത ശേഷമാണു വണ്ടി നിന്നത്. ഡ്രൈവര്‍ പുറത്തിറങ്ങി കുട്ടിക്കരികിലെത്തി നോക്കുന്നത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
എന്നാല്‍, പരുക്കു ഗുരുതരമാണെന്നു കണ്ടപ്പോള്‍ ഉടന്‍ തിരിച്ചു വാനില്‍ കയറി സ്ഥലം വിടുകയാണു ചെയ്തത്. 300 മീറ്ററകലെ ആശുപത്രി ഉണ്ടായിട്ടും കുട്ടിയെ രക്ഷിക്കാനുള്ള മനസ് കാണിച്ചില്ല. വാഹനം ചാര നിറത്തിലുള്ള ‘ഇന്നോവ ക്രിസ്റ്റ’ ആണെന്നു തിരിച്ചറിഞ്ഞു.
Discussion about this post