ന്യൂഡൽഹി: സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവിൽനിന്ന് കേന്ദ്രസർക്കാർ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാർ ഉൾപ്പടെ 387 രക്തസാക്ഷികളെ പുറത്താക്കുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (ഐസിഎച്ച്ആർ) തയ്യാറാക്കിയ നിഘണ്ടുവിൽ നിന്നാണ് ഇവരെ പുറത്താക്കുന്നത്.
1921ൽ നടന്ന മലബാർ സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്നതല്ലെന്നും മത പരിവർത്തനം ലക്ഷ്യമിട്ട് നടന്ന മതമൗലികവാദി പോരാട്ടമായിരുന്നുവെന്നും വകമാറ്റിയാണ് ഐസിഎച്ച്ആർ പാനൽ നിർദേശം സമർപ്പിച്ചിരിക്കുന്നത്. നിഘണ്ടുവിന്റെ അഞ്ചാം വാള്യം പുനഃപരിശോധിച്ച ഐസിഎച്ച്ആർ പാനലാണ് നിർദേശം സമർപ്പിച്ചതെന്ന് ‘ദ ഹിന്ദു’ റിപ്പോർട്ട് പറയുന്നു.
ഐസിഎച്ച്ആർ റിപ്പോർട്ട് പ്രകാരം ശരീഅത്ത് നിയമം നടപ്പാക്കിയ കലാപകാരിയായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ‘നിരവധി ഹിന്ദുക്കളെ അദ്ദേഹം തലവെട്ടി. മതനിരപേക്ഷ മുസ്ലിംകളെ പോലും അവർ വിട്ടില്ല. കലാപകാരികളുടെ കരങ്ങളാൽ കൊല്ലപ്പെട്ടവർ അവിശ്വാസികളായി മുദ്രകുത്തപ്പെട്ടു. കൊല്ലപ്പെട്ട ‘മാപ്പിള കലാപകാരികൾ’ ഏറെയും ജയിലിൽ കോളറയും മറ്റു പ്രകൃതി കാരണങ്ങളും കൊണ്ടാണ് മരിച്ചത്. വളരെ കുറഞ്ഞ ആളുകൾ മാത്രമാണ് കോടതി നടപടികൾക്കൊടുവിൽ ഭരണകൂടം വധിച്ചത്” ഐ.സി.എച്ച്.ആർ പാനൽ പറയുന്നു.പാനൽ നിർദേശിച്ച പ്രകാരം രക്തസാക്ഷികളുടെ പട്ടിക പുനഃപരിശോധിക്കുമെന്നും പുതിയ നിഘണ്ടു ഒക്ടോബർ അവസാനത്തോടെ പുറത്തിറങ്ങുമെന്നും ഐസിഎച്ച്ആർ ഡയറക്ടർ (ഗവേഷണ, ഭരണ നിർവഹണ വിഭാഗം) ജീ ഉപാധ്യായ വ്യക്തമാക്കി.
സമരക്കാർ ഉയർത്തിയ മുദ്രാവാക്യങ്ങളൊന്നുപോലും ദേശീയതയിലൂന്നിയതോ ബ്രിട്ടീഷ് വിരുദ്ധമോ ആയിരുന്നില്ലെന്ന് സമിതി പറയുന്നു. ഇന്ത്യയിൽ ഖിലാഫത്ത് ഭരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടന്ന സമരമായാണ് ഐസിഎച്ച്ആർ പാനൽ മലബാർ സമരത്തെ കാണുന്നത്. സമരം വിജയിച്ചിരുന്നുവെങ്കിൽ പ്രദേശം ഖിലാഫത്ത് ഭരണത്തിന് കീഴിലാകുമായിരുന്നുവെന്നും ആ ഭാഗം ഇന്ത്യക്ക് എന്നെന്നേക്കുമായി നഷ്ടമാകുമായിരുന്നുവെന്നും പാനൽ അഭിപ്രായപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
Discussion about this post