‘കിറ്റ് സൗജന്യമല്ല ജനങ്ങളുടെ അവകാശം, വിശപ്പിന്റെ വിലയറിയുന്നവരുടെ പ്രസ്ഥാനത്തിലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്’; കിറ്റ് വിജയനെന്ന പരിഹാസ വിളിയില്‍ മുഖ്യമന്ത്രിയുടെ മറുപടി

covid vaccination | Bignewslive

കൊവിഡ് മഹാമാരി വ്യാപന കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച സൗജന്യ കിറ്റ് വിതരണത്തിന്റെ പേരില്‍ കിറ്റ് വിജയന്‍ എന്ന പരിഹാസം അടുത്തിടെ ശക്തമായിരുന്നു. ഇപ്പോള്‍ പരിഹാസങ്ങളില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഈ മഹാമാരിക്കാലത്ത് എല്ലാവരുടെയും ജീവിതം മുന്നോട്ടുപോകണം. അത് ഉറപ്പാക്കാനുള്ള ഒരു വഴി ഇതാണെന്നു കണ്ടു. കിറ്റ് സൗജന്യമാണ് എന്നല്ല, ജനങ്ങളുടെ അവകാശമാണെന്നാണ് സര്‍ക്കാര്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെ വാക്കുകളിലേയ്ക്ക്;

അതൊന്നും വ്യക്തിപരമായി ബാധിക്കുന്നതല്ല. ജനങ്ങള്‍ക്ക് വാങ്ങാനും സര്‍ക്കാരിന് കൊടുക്കാനും അമിത താല്‍പ്പര്യമുണ്ടായിട്ടല്ല ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വിതരണം ചെയ്യുന്നത്. ഖജനാവ് നിറഞ്ഞു കവിഞ്ഞതുകൊണ്ടുമല്ല. ഈ മഹാമാരിക്കാലത്ത് എല്ലാവരുടെയും ജീവിതം മുന്നോട്ടുപോകണം. അത് ഉറപ്പാക്കാനുള്ള ഒരു വഴി ഇതാണെന്നു കണ്ടു. കിറ്റ് സൗജന്യമാണ് എന്നല്ല, ജനങ്ങളുടെ അവകാശമാണെന്ന് ഞങ്ങള്‍ കാണുന്നു. ആ അവകാശം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ്. ആരെങ്കിലും പരിഹസിച്ചതുകൊണ്ടോ അധിക്ഷേപിച്ചതുകൊണ്ടോ ആ കര്‍ത്തവ്യനിര്‍വഹണത്തില്‍നിന്ന് പിന്മാറാനാകില്ലല്ലോ.

പ്രതിസന്ധി കാലത്ത് ജനങ്ങള്‍ പട്ടിണി കിടക്കരുതെന്ന ലക്ഷ്യത്തോടെ ഭക്ഷണവിതരണ പദ്ധതികള്‍ നടപ്പാക്കിയതില്‍ പരിഹാസം കണ്ടെത്തുന്നവരുടെ സാമൂഹ്യബോധം എത്രമാത്രം അധഃപതിച്ചതായിരിക്കണം! വിശപ്പിന്റെ വിലയറിയുന്നവരുടെ പ്രസ്ഥാനത്തിലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണിത്. ആ സര്‍ക്കാരിന് മനുഷ്യര്‍ പട്ടിണി കിടക്കുന്നത് കൈകെട്ടി നോക്കി നില്‍ക്കാനാകില്ല. മനുഷ്യത്വം കൈമോശം വന്നിട്ടില്ലാത്തവരുടെ ഏറ്റവും പ്രധാന ഉത്തരവാദിത്തമാണത്. അതിനിയും വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുകൊണ്ടുപോകും. പരിഹാസം അതിന്റെ വഴിക്ക് നടക്കട്ടെ.

Exit mobile version