കാസര്‍കോട്: പത്തുനില ഫ്‌ളാറ്റ് സമുച്ചയത്തിലെ അഞ്ചാംനിലയിലെ മുറിയില്‍ രണ്ടുവയസുകാരനെ അതിസാഹസികമായ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. ആറാംനിലയില്‍നിന്ന് കയര്‍ വഴി തൂങ്ങിയിറങ്ങിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. വിദ്യാനഗറിലെ ഫ്‌ളാറ്റിലാണ് സംഭവം. സഹോദരിയുടെ ഫ്‌ളാറ്റിലേക്ക് ഓണത്തിന് വിരുന്നെത്തിയതായിരുന്നു കളനാട്ടെ അമ്മയും മകനും.
ഞായറാഴ്ച ഫ്‌ളാറ്റിലെ ഓണാഘോഷത്തിനിടെ, ഉച്ചയ്ക്ക് രണ്ടിന് മുറിയില്‍ കയറിയ കുഞ്ഞ് ഉള്ളില്‍ നിന്ന് താഴ് അമര്‍ത്തുകയായിരുന്നു. ഇതോടെ കുട്ടി മുറിയില്‍ അകപ്പെടുകയായിരുന്നു. ഇരട്ടത്താഴ് വീണ വാതില്‍ പുറത്തുനിന്ന് തുറക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മുറിയിലേയ്ക്കുള്ള പ്രധാന വാതിലാണ് അടഞ്ഞത്. ബാല്‍ക്കണിയിലുള്ള മറ്റൊരു വാതിലിലേക്ക് എത്താന്‍ യാതൊരു മാര്‍ഗവുമുണ്ടായിരുന്നില്ല. തുടക്കത്തില്‍ നിലവിളിച്ച കുഞ്ഞിന്റെ ശബ്ദം കേള്‍ക്കാതായതോടെ പരിഭ്രാന്തിയിലായ വീട്ടുകാര്‍ കാസര്‍കോട് അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.

ഉടനെത്തിയ സേനാസംഘം വാതില്‍ തുറക്കാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെ ആറാം നിലയിലെ ഫ്‌ളാറ്റിലെത്തി. കുഞ്ഞിരിക്കുന്ന മുറിയുടെ നേരെ മുകളിലുള്ള മുറിയുടെ ബാല്‍ക്കണിയിലൂടെ ഫയര്‍മാനായ എം. ഉമ്മര്‍ കയറിട്ട് തൂങ്ങിയിറങ്ങുകയായിരുന്നു. ബാല്‍ക്കണിയില്‍നിന്ന് മുറിയിലേക്കുള്ള വാതില്‍ തുറന്നിരുന്നതിനാല്‍ ഉമ്മറിന് കുട്ടിക്കരികിലേക്ക് പെട്ടെന്ന് എത്താനായി. അപ്പോഴേക്കും കുഞ്ഞ് കരഞ്ഞുതളര്‍ന്ന് ഉറങ്ങിപ്പോയിരുന്നു. ശേഷം, രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ പിതാവ് വിദേശത്താണ്.















Discussion about this post