ആളൂര്‍: അമിത മദ്യലഹരിയില്‍ മകന് അമ്മയെ വീട്ടുമുറ്റത്തെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. തിരുവോണപ്പിറ്റേന്നാണ് ദാരുണമായ കൊലപാതകം നടന്നത്. ആളൂര്‍ പറമ്പി റോഡ് കണക്കന്‍കുഴി വീട്ടില്‍ അമ്മിണി(70)യാണ് മരിച്ചത്. മകന് ദിനേശ് എന്നു വിളിക്കുന്ന സുരേഷി(40)നെ പോലീസ് പിടികൂടി.
ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. അയല്‍വീട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. അമിതമദ്യപാനിയായ സുരേഷ് വീട്ടിലും നാട്ടുകാരുമായും വഴക്കുണ്ടാക്കുക പതിവാണ്. പ്രായാധിക്യംമൂലം അവശതയിലായിരുന്നു അമ്മിണി. മദ്യലഹരിയില്‍ ഇയാള്‍ അമ്മയെ എടുത്ത് കിണറ്റിലെറിയുകയായിരുന്നു.
അമ്മിണിയും മക്കളായ സുധീഷും സുരേഷും കുടുംബവുമാണ് വീട്ടില്‍ താമസം. മൂത്തമകന് സുധീഷ് അവിവാഹിതനാണ്. സംഭവസമയത്ത് സുധീഷ് വീട്ടിലുണ്ടായിരുന്നില്ല. സുരേഷിന്റെ ഭാര്യയും മകളും മാളയില്‍ ആശുപത്രിയിലായിരുന്നു. ഈ സമയത്താണ് കൊലപാതകം നടന്നത്.
കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് അടുത്ത ദിവസം രേഖപ്പെടുത്തും. ചാലക്കുടി അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കിണറ്റിലിറങ്ങി മൃതദേഹം പുറത്തെടുത്തത്.
Discussion about this post