തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക് ഉയർന്നു നിൽക്കുന്ന ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത. കഴിഞ്ഞ 15 ദിവസത്തെ കണക്കുകൾ പ്രകാരം അഞ്ച് ജില്ലകളിലാണ് ഇപ്പോഴും ഗുരുതര സ്ഥിതി തുടരുന്നത്.
മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് കോവിഡ് ആശങ്ക ഒഴിയാത്തത്. ഇവിടെ ആയിരത്തിന് മുകളിലാണ് ഇപ്പോഴും രോഗികളുടെ എണ്ണം. ഈ ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ആലോചന. ഇതു സംബന്ധിച്ച ചർച്ചകൾക്കായി തിങ്കളാഴ്ച യോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു.
അതേസമയം, ഓണാഘോഷത്തിന് ശേഷം രോഗവ്യാപനം രൂക്ഷമാകുമെന്ന ആശങ്കയാണ് ആരോഗ്യവകുപ്പിനുമുള്ളത്. സമ്പൂർണ അടച്ചിടൽ പ്രായോഗികമല്ലെന്ന വിലയിരുത്തലിൽ മറ്റുതരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനും ആലോചനയുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കും. ഒരേസമയം കടകളിൽ പ്രവേശിക്കുന്നവരുടെ എണ്ണം ക്രമീകരിക്കും. കടകളിൽ പോകുന്നവർക്കും കടയിലുള്ളവർക്കും യാത്ര ചെയ്യുന്നവർക്കും ഡബ്ൾ മാസ്‌ക്കോ, എൻ 95 മാസ്‌ക്കോ നിർബന്ധമാക്കും.
കൂടാതെ ഇപ്പോൾ പൂർണമായും തുറന്നിരിക്കുന്ന പൊതുയിടങ്ങളിലും മറ്റ് വിനോദ കേന്ദ്രങ്ങളിലും തിരക്ക് നിയന്ത്രിക്കാനും ആലോചനയുണ്ട്. ആഘോഷങ്ങളിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം കൃത്യമായി നിരീക്ഷിക്കും. ഒപ്പം അടുത്ത ഒരാഴ്ച പരിശോധന രണ്ടുലക്ഷത്തിലേക്കുയർത്തിയും കൂട്ട വാക്‌സിനേഷൻ നടത്തിയും രോഗസ്ഥിരീകരണ നിരക്ക് വിലയിരുത്തും. രോഗസ്ഥിരീകരണ നിരക്ക് കുതിച്ചുയരുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിൽ വൻവർധനവില്ലെന്നത് ആശ്വാസകരമാണ്.
രോഗബാധിതരുടെ എണ്ണം ഉയർന്നുനിൽക്കുന്ന ജില്ലകളിൽ ഐസിയു കിടക്കകളിൽ കൂടുതൽ രോഗികളുണ്ടെന്നത് ആശങ്ക കൂട്ടുകയാണ്. അഞ്ച് ശതമാനത്തിലേക്കെങ്കിലും രോഗസ്ഥിരീകരണ നിരക്ക് കുറക്കണമെന്ന ആരോഗ്യവകുപ്പിന്റെ ലക്ഷ്യം തകർത്ത് ഞായറാഴ്ച 16.41ആണ് ടിപിആർ രേഖപ്പെടുത്തിയത്. പ്രതിദിനം ശരാശരി 100 പേർവീതം കോവിഡ് ബാധിച്ചുമരിക്കുന്നുമുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 19,494 ആയി.
Discussion about this post