കണ്ണൂര്‍: പേരാവൂരിലെ അഗതിമന്ദിരത്തിന് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എംഎ യൂസഫലി. നൂറിലേറെ പേര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അഗതിമന്ദിരം പ്രതിസന്ധിയിലാണെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. ഇതുശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് എംഎ യൂസഫലിയുടെ ഇടപെടല്‍.
ലുലു ഗ്രൂപ്പ് പത്ത് ലക്ഷം രൂപ പേരാവൂരിലെ കൃപാലയത്തിലെത്തി കൈമാറി. അഗതിമന്ദിരം സിഎഫ്ല്‍ടിസിയാക്കി മാറ്റി എല്ലാവര്‍ക്കും വൈദ്യ സഹായം ഉറപ്പാക്കിയതായി ജില്ലാ കളക്ടറും അറിയിച്ചു. തെരുവില്‍ അലയുന്നവര്‍, ആരോരും ഇല്ലാത്ത പ്രായമായവര്‍, മാനസീക വെല്ലുവിളി നേരിടുന്നവര്‍, രോഗികള്‍ ഇങ്ങനെ സമൂഹത്തിന്റെ കരുതല്‍ വേണ്ട ആളുകളാണ് ഇവിടുത്തെ അന്തേവാസികള്‍.
234 അന്തേവാസികളുള്ള ഇവിടെ നൂറിലേറെ പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. അഞ്ചു മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ വന്‍ പ്രതിസന്ധി നേരിടുകയും ചെയ്തു. അന്തേവാസികള്‍ക്ക് ഭക്ഷണം പോലും നല്‍കാന്‍ കഴിയാത്ത സ്ഥിതിയിലെത്തിയിരുന്നു.
കൃപാലയത്തില്‍ സൗകര്യങ്ങളൊരുക്കുന്നതിന് പണം ചിലവഴിക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി എം വി സന്തോഷ് അറിയിച്ചു. വാര്‍ത്ത ചര്‍ച്ചയായതോടെ ജില്ല ഭരണകൂടവും അടിയന്തിര നടപടികള്‍ തുടങ്ങി. കൃപാലയം സിഎഫ്എല്‍ടിസിയായി പ്രഖ്യാപിച്ച് മുഴുവന്‍ പേരെയും കൊവിഡ് ടെസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രത്യേകം കൗണ്‍സിലിംഗും നല്‍കി.