മലപ്പുറം: സദാചാര ആക്രമണത്തെ തുടർന്ന് അധ്യാപകൻ ആത്മഹത്യ ചെയ്ത സംഭവം ഞെട്ടലുണ്ടാക്കിയതിന് പിന്നാലെ മലപ്പുറത്ത് വീണ്ടും സദാചാര ആക്രമണം. മലപ്പുറം തിരൂരിനടുത്ത് ചെറിയമുണ്ടത്താണ് സദാചാര പോലീസ് ചമഞ്ഞ് ഒരുസംഘം യുവാക്കൾ 23കാരനെ ആക്രമിച്ചത്.
സൽമാനുൽ ഹാരിസ് എന്ന പ്രദേശവാസിയായ യുവാവിനെയാണ് ഒരു സംഘം യുവാക്കൾ ആക്രമിച്ചത്. ഒരു പെൺകുട്ടിയുമായി വാട്സ്ആപ്പിൽ ചാറ്റ് ചെയ്തെന്നാരോപിച്ചാണ് മർദ്ദനം. ഇയാളെ മർദ്ദിക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി അക്രമി സംഘം പ്രചരിപ്പിക്കുകയും ചെയ്തു.
ആക്രമണത്തിന് പിന്നാലെ സൽമാനുൽ ഹാരിസിന്റെ അമ്മ സുഹ്റ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മകനെയാണ് ആക്രമിച്ചതെന്ന് സുഹ്റ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. ഇന്നലെ നാല് മണിയോടെയാണ് സംഭവം ഉണ്ടായത്. പ്രതികൾ പ്രായപൂർത്തിയാവാത്തവരാണെന്നാണ് വിവരം.
Discussion about this post