എലവഞ്ചേരി: ”ഈ മുറ്റത്തു ഞങ്ങള്‍ കുട്ടികള്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്, മാവില്‍നിന്നു കല്ലെറിഞ്ഞു മാങ്ങ വീഴ്ത്തിയിട്ടുണ്ട്, പാടവരമ്പത്തു കൂടി നടന്നിട്ടുണ്ട്…” ഇത് ഏഴ് വര്‍ഷത്തിനു ശേഷം തറവാട്ടിലെത്തിയ നിമിഷം ശശി തരൂര്‍ എംപി പങ്കുവെച്ച ഓര്‍മ്മകളാണ്. ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളാണ് എംപി പങ്കുവെച്ചത്.
മുണ്ടാരത്തു തറവാട്ടിലാണ് ഇത്തവണ ഓണം ആഘോഷിക്കാന്‍ എംപി എത്തിയത്. കുട്ടിപ്പൂരാടത്തിനു രാത്രിയാണു ഡല്‍ഹിയില്‍നിന്നു കൊച്ചി വഴി തന്റെ കുട്ടിക്കാലത്തെ ഓര്‍മകളില്‍ ഇന്നും നിറംപിടിച്ചു നില്‍ക്കുന്ന തറവാട്ടിലേക്കുള്ള ശശി തരൂരിന്റെ വരവ്. ഉത്രാട ദിവസം രാവിലെ പുന്നെല്‍ കതിര്‍ എഴുന്നള്ളിക്കുകയും തുടര്‍ന്നു മാതേവറിനു മുന്നില്‍ പുത്തരി പൂജയും നടത്തി.
മുന്‍പ് തറവാട്ടിലെ മുതിര്‍ന്നവര്‍ പൂജ ചെയ്യുന്നതു കണ്ടു നിന്നിട്ടുണ്ടെങ്കിലും ഇത്തവണ ആ പൂജ ചെയ്യാനായത് സന്തോഷമായെന്ന് ശശി തരൂര്‍ പറഞ്ഞു. പ്രകൃതിയോടിണങ്ങിയിരിക്കാനുള്ള ഇടമാണു തറവാടെന്നും തരൂര്‍ പറഞ്ഞുവയ്ക്കുന്നു. തറവാട്ടിലെ വിശ്വപൗരന്റെ വരവിനൊപ്പം ചേര്‍ന്ന് ഓണമുണ്ണാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ കുടുംബാംഗങ്ങള്‍ മുണ്ടാരത്ത് എത്തിയിട്ടുണ്ട്.
There’s an Onam swing tradition that one normally leaves to young girls. I was persuaded to get Into the spirit of things this year. Happy Onam! pic.twitter.com/Z23nJ9Fmfp
— Shashi Tharoor (@ShashiTharoor) August 21, 2021
ഉച്ചയ്ക്കു രാഹുകാലത്തിനു ശേഷം ഇളംമുറക്കാര്‍ക്കൊപ്പം തറവാട്ടിലെ മുതിര്‍ന്ന അംഗവും ശശി തരൂരിന്റെ അമ്മയുമായ ലില്ലി തരൂര്‍ അവരുടെ സഹോദരങ്ങളായ ഭാനുമതി, രേണുക, നാരായണനുണ്ണി, ഗോപനുണ്ണി, ശോഭന ശശികുമാര്‍, മുകുന്ദനുണ്ണി എന്നിവര്‍ ഒരുമിച്ചിരുന്നാണു പുന്നെല്‍ അരിയും അവിലും ചേര്‍ത്തുണ്ടാക്കിയ പുത്തരി ഉണ്ടത്. തറവാട്ടുമുറ്റത്ത് ഓണപ്പാട്ടും കളികളും നിറഞ്ഞു. ഒത്തു ചേരലിന്റെ മാധുര്യം മൊബൈലില്‍ പകര്‍ത്തി തരൂരും അവര്‍ക്കൊപ്പം ചേര്‍ന്നു ആഘോഷത്തിലാറാടി.
ശേഷം, തിരുവോണ സദ്യയ്‌ക്കൊപ്പം പെരുങ്ങോട്ടുകാവ് ഭഗവതി ക്ഷേത്രം, എലവഞ്ചേരി മന്ദം ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. കോളജ്, യുഎന്‍ കാലത്തു തറവാട്ടിലെത്താനാകാതെ നഷ്ടപ്പെട്ടുപോയ ഓണാഘോഷങ്ങള്‍ വീണ്ടെടുക്കുകയാണ് ഈ വരവിലൂടെ.