കെഎസ്ആര്‍ടിസി; ഇന്ന് നിയമനം നേടിയത് 1472 പേര്‍ മാത്രം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇന്ന് നിയമനം നേടിയത് പിഎസ്‌സി ലിസ്റ്റിലുള്ള 1472 ഉദ്യോഗാര്‍ത്ഥികള്‍ മാത്രം. 500പേര്‍ കൂടി എത്തുമെന്നാണ് പ്രതീക്ഷയെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. 4501 പേര്‍ക്കാണ് പിഎസ്സി അഡൈ്വസ് മെമ്മൊ അയച്ചിരുന്നത്.

അതേസമയം, ജോലിക്ക് ഹാജരാകാനുള്ള സമയം നീട്ടി നല്‍കണമെന്ന് വിദേശത്തുനിന്നടക്കം നിരവധി അഭ്യര്‍ഥനകള്‍ കോര്‍പ്പറേഷനു ലഭിച്ചിട്ടുണ്ട്.

സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കിയവരെ വ്യാഴാഴ്ച തന്നെ വിവിധ ഡിപ്പോകളിലേക്ക് അയച്ചു. മുതിര്‍ന്ന കണ്ടക്ടര്‍മാര്‍ക്കൊപ്പമുള്ള പരിശീലനത്തിനുശേഷം ഒരാഴ്ചയ്ക്കുള്ളില്‍ കണ്ടക്ടര്‍മാരെ ബസില്‍ അയയ്ക്കും. കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാത്തവരെയും ബസില്‍ കണ്ടക്ടറായി നിയമിക്കാന്‍ കെഎസ്ആര്‍ടിസി എംഡിക്ക് അധികാരമുണ്ട്. ലൈസന്‍സ് പിന്നീട് നേടിയാല്‍ മതി. നിയമനം നല്‍കിയവരുടെ പ്രകടനം മോശമാണെങ്കില്‍ മുന്‍കൂട്ടി നോട്ടിസ് നല്‍കി പിരിച്ചുവിടാന്‍ കോര്‍പ്പറേഷന് അധികാരം ഉണ്ടായിരിക്കും.

അതേസമയം ഇന്ന് 946 സര്‍വീസുകള്‍ റദ്ദാക്കി. 18ന് 1,571 സര്‍വീസുകളും 19ന് 1,093 സര്‍വീസുകളും റദ്ദാക്കിയിരുന്നു.

Exit mobile version