കൊച്ചി: കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പിണറായിയേയും കോടിയേരിയും അടക്കം പുറത്താക്കി എകെജി സെന്റര്‍ സീല്‍ ചെയ്യുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്.
ശബരിമലയുമായി ബന്ധപ്പെട്ട ഗൂഢാലോചനകള്‍ നടക്കുന്ന സിപിഎം കേന്ദ്രമാണ് എകെജി സെന്റര്‍. അതിനാല്‍ എകെജി സെന്ററിനെ തങ്ങള്‍ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരുമെന്നും രാധാകൃഷ്ണന് പറഞ്ഞു.
എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി വാങ്ങിയത് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ നേതൃത്വത്തിലാണ്. എകെജി സെന്ററില്‍ സിപിഎമ്മിന് എന്ത് അവകാശമാണുള്ളതെന്നും രാധാകൃഷ്ണന് ചോദിച്ചു.
ശബരിമല പൂങ്കാവനം തകര്‍ക്കാന്‍ ഷൂസിട്ട പോലീസുകാര്‍ ശ്രമിച്ചാല്‍ അയ്യപ്പ ഭക്തര്‍ എകെജി സെന്റര്‍ അടിച്ചു തകര്‍ക്കുമെന്നാണ് താന്‍ നേരത്തേ പറഞ്ഞതെന്നും എഎന്‍ രാധാകൃഷ്ണന് വ്യക്തമാക്കി. വനിതാ മതിലിലൂടെ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളെ വെല്ലുവിളിക്കുന്നുവെന്നും രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
അതേസമയം എകെജി സെന്റര്‍ അടിച്ച് തകര്‍ക്കുമെന്ന് ഭീഷണി പെടുത്തിയതിന് എഎന്‍ രാധാകൃഷ്ണന് എതിരെ പോലീസ് കേസ് എടുത്തു.
Discussion about this post