ആലുവ: രണ്ടാംഘട്ട ചികിത്സ കഴിഞ്ഞ് ഓണമാഘോഷിക്കാന്‍ വീട്ടിലേയ്ക്ക് മടങ്ങാനൊരുങ്ങി സിവില്‍ പോലീസ് ഓഫീസര്‍ അജീഷ് പോള്‍. പുനര്‍ നിര്‍മ്മിച്ച തലയോട്ടി വെച്ചുപിടിപ്പിച്ചാണ് കേരളത്തിന്റെ നോവായി മാറിയ അജീഷ് ജീവിതത്തിന്റെ കരയിലേയ്ക്ക് കയറുന്നത്.
മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന്റെ പേരിലാണ് മറയൂര്‍ കോവില്‍ക്കടവില്‍ യുവാവ് അജീഷ് പോളിനെ കല്ലുകൊണ്ട് ആക്രമിച്ചത്. തലയില്‍ കല്ലുകൊണ്ടുള്ള ആഞ്ഞടിയില്‍ അജീഷിന്റെ തലയോട്ടി തകര്‍ന്നിരുന്നു. പിന്നീട് നിരന്തരമായ ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് അജീഷിന്റെ ജീവന്‍ രക്ഷിക്കാനായത്.
ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു ചികിത്സ. ഇപ്പോള്‍ രണ്ടാം ഘട്ട ചികിത്സയ്ക്കിടെ ഓണാഘോഷത്തില്‍ പങ്കാളിയായത് വീട്ടുകാരെയും പോലീസ് സേനയ്ക്കും സന്തോഷം പകരുന്ന വാര്‍ത്തയാണ്. രണ്ടാംഘട്ട ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനു മുന്‍പാണ് ഓണക്കോടി ധരിച്ച് ആശുപത്രിയില്‍ പൂക്കളമൊരുക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം അജീഷും ചേര്‍ന്നത്.
ആദ്യ ശസ്ത്രക്രിയയില്‍ അജീഷിന്റെ പൊടിഞ്ഞു പോയ തലയോട്ടിയുടെ ഭാഗങ്ങള്‍ നീക്കം ചെയ്തിരുന്നു. ബാക്കി ചെറിയൊരു ഭാഗം അജീഷിന്റെ ശരീരത്തില്‍ തന്നെ സൂക്ഷിച്ചുവെച്ചു. പരിക്കേറ്റ തലയോട്ടിയെ പുനര്‍ നിര്‍മിക്കുന്ന ക്രേനിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് അദ്ദേഹം കഴിഞ്ഞയാഴ്ച വിധേയനായി.
അക്രമത്തില്‍ തകര്‍ന്ന തലയോട്ടിയുടെ ഭാഗങ്ങള്‍ 3ഡി പ്രിന്റിങ് എന്ന സാങ്കേതികവിദ്യയിലൂടെ പുനര്‍ നിര്‍മിച്ചാണ് സ്ഥാപിച്ചത്. രാജഗിരി ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗം തലവന്‍ ഡോ. ജഗത് ലാല്‍, ഡോ. ജോ മാര്‍ഷല്‍ ലിയോ, ഡോ. മനോജ് നാരായണപ്പണിക്കര്‍ എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.