കോഴിക്കോട്: ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് രണ്ട് മാസം പ്രായമായ ഹൈസിന്‍ ഷാന്റെ കുഞ്ഞു ഹൃദയം മാറ്റിവെച്ചു. വെന്റിലേറ്ററില്‍ കഴിഞ്ഞ കുഞ്ഞാണ് ഇപ്പോള്‍ ജീവിതത്തിലേയ്ക്ക് പിച്ചവെയ്ക്കുന്നത്. കൂലിപണിക്കാരനായ പിതാവ് കണ്ണൂര്‍ പുതിയതെരു കാട്ടാമ്പള്ളി ഷാനവാസിന്റെയും ഭാര്യ ഷംസീറയുടെയും കുഞ്ഞാണ് മന്ത്രിയുടെ ഇടപെടലില്‍ പുതുജീവിതത്തിലേയ്ക്ക് കരകയറിയത്.
മാറ്റി വെയ്ക്കാനുള്ള ഹൃദയത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ ഹൃദയം പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഷാനവാസ് കുഞ്ഞു ഹൈസിന്റെ വിവരങ്ങള്‍ ഫേസ്ബുക്ക് സന്ദേശം വഴി ചൊവ്വാഴ്ച രാവിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ അറിയിക്കുന്നത്.
ഹായ് മേഡം, എന്റെ പേര് ഷാനവാസ്, കണ്ണൂര്‍ സ്വദേശം. എന്റെ മകന്‍ ഹൈസിന്‍ ഷാന്‍ ഹൃദയം സംബന്ധ രോഗം മൂര്‍ച്ഛിച്ചു കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ വെന്റിലേറ്റര്‍ സഹായത്താല്‍ ആണ് ഇപ്പോ ജീവന്‍ നിലനിര്‍ത്തിറ്റുള്ളത് – എന്നായിരുന്നു ഷാനവാസിന്റെ സന്ദേശം. ചൊവ്വാഴ്ച വൈകുന്നേരം കൊച്ചി കിംസില്‍ കുട്ടിയെ എത്തിച്ച് ശസ്ത്രക്രിയ നടത്തണമെന്ന് നിര്‍ദേശം ലഭിച്ചു.
ഉടന്‍ കോഴിക്കോട് നിന്ന് കൊച്ചിയിലെത്തി രാത്രി തന്നെ ശസ്ത്രക്രിയ നടത്തി. ഇന്നലെ (ബുധനാഴ്ച) വൈകുന്നേരം ആറരയോടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്, ഷാനവാസിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അപ്പോള്‍ മാത്രമാണ് മന്ത്രിയ്ക്ക് താന്‍ അയച്ച സന്ദേശം വെറുതെയായില്ലെന്ന് ഷാനവാസിന് ബോധ്യപ്പെട്ടത്.
ഫേസ്ബുക്ക് വഴി ലഭിച്ച സന്ദേശത്തില്‍ മന്ത്രി ഉടന്‍ തുടര്‍ നടപടിയെടുക്കുകയായിരുന്നു. ഇതോടെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉടനടി നടത്തുകയായിരുന്നു. പുതുഹൃദയം ഹൈസിന്‍ ഷാന്റെ ശരീരത്തില്‍ മിടുപ്പ് തുടങ്ങി. പ്രസവശേഷം രണ്ട് മാസത്തിന് അടുത്തെത്തിയപ്പോഴാണ് ഹൈസിന്‍ ഷാന്‍ പാല്‍ കുടിക്കാന്‍ പ്രയാസം നേരിടുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് നടന്ന വിദഗ്ധ പരിശോധനയിലാണ് ഹൃദയത്തിന്റെ നാല് വാല്‍വുകളില്‍ രണ്ടെണ്ണം ചെറുതാണെന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് ഹൃദയം മാറ്റിവെയ്ക്കാന്‍ ഡോക്റ്റര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.