ചെങ്ങന്നൂര്‍: ഏഴരമണിക്കൂറിനിടെ 893 പേര്‍ക്ക് വാക്സിന് നല്കി ഞെട്ടിച്ച് ചെങ്ങന്നൂരിലെ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് പുഷ്പലത. കഴിഞ്ഞ ഞായറാഴ്ച പതിവുപോലെ വാക്സിനേഷന് ജോലി ആരംഭിച്ച പുഷ്പലത ഭക്ഷണത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കുമായി മാറ്റിവെച്ചത് അരമണിക്ൂര് മാത്രമാണ്. ബാക്കി സമയം മുഴുവനും വാക്സിനേഷന് ജോലിയില്‍ മുഴുകി.
5.30-തോടെ വാക്സിനേഷന് പൂര്‍ത്തിയാക്കി. പിന്നീട് കണക്കുനോക്കിയപ്പോഴാണ് പുഷ്പലത പോലും അമ്പരന്നത്. താന്‍ 893 പേര്‍ക്കാണ് ഏഴരമണിക്കൂറിനിടയില്‍ വാക്സിന് നല്‍കിയതെന്ന് അറിഞ്ഞ അവര്‍ സ്വയം ഞെട്ടി. സംഭവം അടുത്ത സുഹൃത്തിനോടുമാത്രം പറഞ്ഞു. പിന്നീടാണു സംസ്ഥാനതലത്തില്‍ ഇത്രയും വാക്സിനേഷന് ഒരാള്‍ ഒരുദിവസം നല്‍കിയിട്ടില്ലെന്ന വിവരം പുഷ്പലതയും അറിയുന്നത്.
പിന്നീട് സംഘടനയും ഇക്കാര്യം ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളിലടക്കം വ്യക്തമാക്കി. ഞായറാഴ്ച ജോലിക്ക് പൊതുവില്‍ ആളുകുറവായതിനാലാണ് ഇത്രയധികം എടുക്കേണ്ടിവന്നതെന്ന് പുഷ്പലത പറഞ്ഞു. പ്രൊഫഷണല്‍ സ്റ്റേജ് ആര്‍ട്ടിസ്റ്റ് കൂടിയായ പുഷ്പലത സ്വാതിതിരുനാള്‍ സംഗീത കോളേജില്‍നിന്നു ഗാനഭൂഷണം പാസായി. വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടുകാരുടെ പിന്തുണയില്‍ നഴ്സാകാനുള്ള പഠനമാരംഭിച്ചു. പിന്നീട് നാല്‍പ്പതാം വയസ്സിലാണ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചുത്.
നവംബറില്‍ പുഷ്പലതയുടെ രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ പൂര്‍ത്തിയാകും. തൃപ്പൂണിത്തുറ സ്വദേശിയായ പുഷ്പലത നിലവില്‍ ചെങ്ങന്നൂരില്‍ വാടകയ്ക്കു താമസിക്കുകയാണ്. ഭര്‍ത്താവ് ഗില്‍ബര്‍ട്ട് സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ പി.പി. യൂണിറ്റിന്റെ ടീംവര്‍ക്കാണ് തന്റെ പിന്‍ബലമെന്നു പുഷ്പലത പറയുന്നു.
Discussion about this post