കോഴിക്കോട്: എംഎസ്എഫ് ഹരിത നേതാക്കൾക്ക് എതിരെ വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്. എംഎസ്എഫ് നേതാക്കൾക്ക് എതിരെ ഹരിത കമ്മിറ്റി ഉന്നയിച്ച ലൈംഗിക അധിക്ഷേപ പരാതി വനിതാ ലീഗിനെ അറിയിച്ചിട്ടില്ലെന്ന് പാർട്ടിയിൽ പരാതി കൊടുക്കാൻ തന്നെ എന്തിനാണ് ഇത്രയും വൈകിയതെന്നും നൂർബിന ഹരിത നേതാക്കളോട് ചോദിച്ചു.
‘ലൈംഗിക അധിക്ഷേപം ഉണ്ടായപ്പോൾ ഉടൻ പരാതിപ്പെടുകയാണ് ചെയ്യേണ്ടിയിരുന്നത്. കൂടിയാലോചിച്ചല്ല ചെയ്യേണ്ടത്. ലീഗിന് പരാതി നൽകാൻ എന്തുകൊണ്ട് വൈകി? ആര് ലൈംഗിക അധിക്ഷേപം നടത്തിയാലും നടപടിയെടുക്കണം,’-നൂർബിന പറഞ്ഞു.
‘കുടുംബത്തിൽ പ്രശ്‌നങ്ങളുണ്ടാകുമ്പോൾ മുതിർന്ന വനിതകളോടെങ്കിലും പങ്കുവയ്‌ക്കേണ്ടതായിരുന്നു. ഒരു സുപ്രഭാതത്തിൽ ഒരുമാറ്റവും എവിടെയും നടത്താൻ സാധിക്കില്ല. ഓരോ പാർട്ടിക്കും അതിന്റേതായ നടപടിക്രമങ്ങളുണ്ട്,’ നൂർബിന വിശദീകരിച്ചു.
‘വിഭാഗിയത സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല. ഇപ്പോൾ എല്ലാവർക്കുമറിയാം, ലീഗ് വീണുകിടക്കുകയാണ്, വീണുകിടക്കുമ്പോൾ മേലെ കേറിപ്പായാൻ എളുപ്പമാണ്. പക്ഷേ അതിനെ കൈപിടിച്ച് ഉയർത്തുകയാണ് വേണ്ടത്,. ഹരിത പ്രവർത്തകർക്ക് എതിരെ മുസ്‌ലിം ലീഗ് എടുത്ത നടപടി തെറ്റാണോയെന്ന ചോദ്യത്തിന്, ഒരുവാക്കിൽ ഉത്തരം പറയേണ്ട ചോദ്യമല്ലെന്നായിരുന്നു നൂർബിനയുടെ മറുപടി. നൂർബിന പറഞ്ഞു.
പൊതുജനമധ്യത്തിൽ ലീഗിന്റെ സംഭാവനകൾ പുതുതലമുറയ്ക്ക് അറിയില്ല. വ്യക്തികളല്ല, സംഘടനയാണ് പ്രധാനം. സംഘടന എടുത്ത തീരുമാനങ്ങളിൽ തെറ്റുണ്ടെങ്കിൽ ആ ഫോറത്തിലാണ് സംസാരിക്കേണ്ടതെന്നും നൂർബിന കൂട്ടിച്ചേർത്തു. വിഷയത്തിൽ ലീഗ് എടുത്ത നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും നൂർബിന റഷീദ് പറഞ്ഞു.
അതേസമയം എംഎസ്എഫ് നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ചതുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ ക്രൂരമായ വ്യക്തിഹത്യയ്ക്ക് ഹരിത നേതാക്കൾ ഇരയാകുന്നുവെന്ന് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ പറഞ്ഞു.