തിരുവനന്തപുരം: താലിബാൻ തീവ്രവാദികൾ ഭരണം പിടിച്ചതോടെ ദുരിതത്തിലായ അഫ്ഗാൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് നേരിട്ട വിമർശനങ്ങൾക്ക് മറുപടിയുമായി ഗായിക സിത്താര കൃഷ്ണകുമാർ. പലസ്തീൻ വിഷയത്തിലും, ലക്ഷദ്വീപ് വിഷയത്തിലും തനിക്ക് നേരിടേണ്ടി വന്നിരുന്ന മോശം കമന്റുകൾക്കെതിരെയാണ് സിത്താരയുടെ കുറിപ്പ്.
‘പേജുകളിൽ പോസ്റ്റിടുന്നത് എല്ലാം ശരിയാക്കികളയാം എന്ന വിചാരത്തിലൊന്നുമല്ല കൂട്ടുകാരെ. സത്യസന്ധമായി മനസ്സിൽ തോന്നുന്നത് കുറച്ചിടുന്നു എന്നു മാത്രം. അതിൽ രാജ്യവും, നിറവും, ജാതിയും, മതവും പക്ഷവും ഒന്നും നോക്കാറില്ല, മനസ്സിന്റെ തോന്നലുകളെ മാത്രമേ പിന്തുടരാറുള്ളൂ. നിങ്ങൾക്ക് ഇഷമുള്ളത് പറഞ്ഞാൽ നിങ്ങളുടെ സ്വന്തം, ഇഷ്ടമില്ലാത്തതുപറഞ്ഞാൽ ആ നിമിഷം ശത്രുത. ഇതെന്തുപാട്.’- സിത്താര കുറിക്കുന്നു.
കഴിഞ്ഞ ദിവസം ഒരു മലയാളി പെൺകുട്ടി ഇസ്രായേയിൽ വച്ച് മരണപ്പെട്ടു. നിന്റെ നാക്കിൽ അന്ന് ആണിരോഗമായിരുന്നോ. ബംഗാളിൽ ഒരു സമൂഹത്തെ മുഴുവൻ കൊന്ന് തള്ളിയപ്പോൾ നിന്റെ വായിൽ പഴമായിരുന്നോ. എന്നൊക്കെയുള്ള വിമർശന കമന്റുകളാണ് സിതാര പങ്കുവച്ചിരിക്കുന്നത്.
സിത്താരയുടെ ഫേസ്ബുക്ക് കുറിപ്പ്:
ലക്ഷദ്വീപ് വിഷയത്തിലും, അഫ്ഘാൻ വിഷയത്തിലും പോസ്റ്റുകൾ ഇട്ടപ്പോൾ, അതിനു താഴെ ഇതേ പേജിൽ വന്ന രണ്ടു കമെന്റുകൾ ആണ്. ആഹാ ആ വാരിവിതരുന്ന വിഷത്തിനും, വെറുപ്പുലവാക്കുന്ന ഭാഷയ്ക്കും എന്തൊരു സാമ്യം. അക്കാര്യത്തിൽ എന്തൊരു ഒത്തൊരുമ. പേജുകളിൽ പോസ്റ്റിടുന്നത് എല്ലാം ശരിയാക്കികളയാം എന്ന വിചാരത്തിലൊന്നുമല്ല കൂട്ടുകാരെ. സത്യസന്ധമായി മനസ്സിൽ തോന്നുന്നത് കുറച്ചിടുന്നു എന്നു മാത്രം. അതിൽ രാജ്യവും, നിറവും, ജാതിയും,മതവും പക്ഷവും ഒന്നും നോക്കാറില്ല, മനസ്സിന്റെ തോന്നലുകളെ മാത്രമേ പിന്തുടരാറുള്ളൂ. നിങ്ങൾക് ഇഷമുള്ളത് പറഞ്ഞാൽ നിങ്ങളുടെ സ്വന്തം, ഇഷ്ടമില്ലാത്തതുപറഞ്ഞാൽ ആ നിമിഷം ശത്രുത. ഇതെന്തുപാട്.
കണ്ണും കാതും കൂടെ മനസ്സും തുറന്നുവച്ചാലെ തിരിച്ചറിവിന്റെ വെളിച്ചം ഉള്ളിലേക്ക് വരികയുള്ളൂ. പരസ്പരം സമാധാനത്തോടെ സംവദിക്കാൻ എന്നാണിനി നമ്മൾ പഠിക്കുക.
Discussion about this post