കട്ടപ്പന: കറി കഴിക്കണമെന്ന ആഗ്രഹം മൂത്ത് മേയാന്‍വിട്ട പോത്തിനെ പിടിച്ചുകെട്ടി കശാപ്പുചെയ്ത് വീതിച്ചെടുത്ത് അഞ്ചംഗസംഘം. പോത്തിന്റെ ഉടമസ്ഥര്‍ പോലീസില്‍ പരാതിപ്പെട്ടതോടെ വീതിച്ചെടുത്ത ഇറച്ചി സംഘം കുഴിച്ചിടുകയും ചെയ്തു. കുടുങ്ങുമെന്ന് ഉറപ്പായതോടെ പോത്തിന്റെ വില നല്‍കി തടിയൂരുകയും ചെയ്തു.
സ്വാതന്ത്ര്യദിനത്തില്‍ കട്ടപ്പന സ്വരാജ് ഫോറസ്റ്റ് പടിയിലാണ് സംഭവം. ഫോറസ്റ്റുപടിക്ക് സമീപത്തെ പുരയിടത്തിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് മേയാന്‍വിട്ട പോത്തിനെ ശ്രദ്ധയില്‍പ്പെട്ടത്. ഒരാള്‍ക്ക് പോത്തുകറി കഴിക്കണമെന്ന് ആഗ്രഹം പറഞ്ഞതോടെ സംഘത്തിലുണ്ടായിരുന്ന, മുമ്പ് കശാപ്പുജോലി ചെയ്തിരുന്ന യുവാവിന്റെ നേതൃത്വത്തില്‍ പോത്തിനെ പിടിച്ചുകെട്ടി.
രണ്ടുവയസ്സ് പ്രായമുള്ള, ഉദ്ദേശം 100 കിലോയിലേറെ തൂക്കമുണ്ടായിരുന്ന പോത്തിനെ വൈകീട്ടോടെ വനപ്രദേശത്ത് കൊണ്ടുപോയി ഇറച്ചിയാക്കി വീതിച്ചെടുത്തു. പ്രദേശത്തെ രണ്ടുയുവാക്കളാണ് പോത്തിന്റെ ഉടമസ്ഥര്‍. രാത്രിയായിട്ടും പോത്തിനെ കണ്ടെത്താനാകാതെ ഇവര്‍ കട്ടപ്പന പോലീസില്‍ പരാതി നല്‍കി. അന്വേഷണം തുടങ്ങിയതറിഞ്ഞ് പരിഭ്രാന്തരായ സുഹൃത്തുക്കള്‍ വീതിച്ചെടുത്ത ഇറച്ചി സമീപത്തെ പറമ്പില്‍കുഴിച്ചിട്ടു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചുപേരെയും കട്ടപ്പന പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി. ആദ്യം നിഷേധിച്ചെങ്കിലും വിശദമായ ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചു. പിന്നീടാണ് പോത്തിന്റെ വില നല്‍കാമെന്ന് യുവാക്കള്‍ സമ്മതിച്ചത്. ഇതോടെ പോത്തിന്റെ ഉടമസ്ഥര്‍ പരാതി പിന്‍വലിക്കുകയും ചെയ്തു.
Discussion about this post