കണ്ണൂര്‍: സ്വന്തം യൂട്യൂബ് ചാനലിലൂടെ പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഇ ബുള്‍ജെറ്റ് സഹോദരന്മാര്. പല വിധത്തിലും വേട്ടയാടല്‍ തുടരുകയാണെന്നും ചില വിഷയങ്ങളില്‍ പ്രതികരിച്ചതു കൊണ്ട് പൊലീസ് കുടുക്കാന്‍ ശ്രമിക്കുകയാണെന്നും സഹോദരങ്ങള്‍ വീഡിയോയില്‍ പറയുന്നു.
ചിലരുടെ അജണ്ടയാണ് നടപ്പാക്കുന്നതെന്നും ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുകയാണെന്നും ഇരുവരും പറയുന്നു. ‘കുടുക്കിയതിന് പിന്നില്‍ വന്‍പ്ലാനിങ്ങാണ്. ഞങ്ങളുടെ അറിവില്ലായ്മ മുതലാക്കി ഞങ്ങളെ കുടുക്കി. വികാരപരമായി പ്രതികരിച്ചുപോയി. അതില്‍ പിടിച്ചാണ് അവര്‍ ഞങ്ങളെ കുടുക്കിയത്. ഞങ്ങളെ ചിലര്‍ ഭയക്കുന്നു എന്നതിന്റെ തെളിവാണിത്.”- ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
അസമില്‍ കുടുങ്ങിയ തൊഴിലാളികളുടെ പ്രശ്നത്തില്‍ ഞങ്ങള്‍ ഇടപെട്ടിരുന്നു. അവിടെ നിന്നുള്ള കഞ്ചാവ്, ആയുധക്കടത്ത് എന്നിവയിലും പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ചിലര്‍ ഞങ്ങള്‍ക്ക് എതിരെ തിരിഞ്ഞത്. ഇപ്പോള്‍ ഞങ്ങളെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു. അവസരം നോക്കിയിരുന്ന് അവര്‍ കുഴിച്ച കുഴിയില്‍ ഞങ്ങള്‍ പോയി വീണു. – ഇരുവരും വീഡിയോയില്‍ പറയുന്നു.
പാറി നടന്ന കിളിയെ കൂട്ടില്‍ അടച്ചു. പല വിധത്തിലും വേട്ടയാടല്‍ തുടരുകയാണ്. വാടക വീട് പോലും ഒഴിയേണ്ട അവസ്ഥയാണ്. ഇനിയും ഉപദ്രവിച്ചാല്‍ ഞങ്ങളും തുണിഞ്ഞിറങ്ങും. വിവരാവകാശ നിയമമുണ്ട്. എല്ലാം ഞങ്ങള്‍ പുറത്തുകാെണ്ടുവരും. 18 ലക്ഷത്തോളം ആളുകള്‍ ഞങ്ങളെ സ്നേഹിക്കുന്നു. അവര്‍ ഓരോ ചോദ്യം വച്ച് ചോദിച്ചാല്‍ മതിയാകും. കോടതിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. സത്യം ജയിക്കും.’ സഹോദരങ്ങള്‍ വിഡിയോയില്‍ പറയുന്നു.
യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പൊലീസിനെയും മാധ്യമപ്രവര്‍ത്തകരെയും ഇവര്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. അതേസമയം, വന്‍ ലൈക്കാണ് വിഡിയോയ്ക്ക് ലഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Discussion about this post