കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന നേതാക്കൾ ഉൾപ്പടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നും പരാതിപ്പെട്ട എംഎസ്എഫ് ഹരിത നേതാക്കളോട് പ്രതികാരവുമായി മുസ്ലിം ലീഗ്. ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ച് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ഔദ്യോഗികമായ അറിയിപ്പ് നൽകി. പ്രശ്നം പരിഹരിക്കാൻ ലീഗ് മുൻകൈയെടുത്തു നടത്തുന്ന ചർച്ചയിൽ ഹരിത നേതാക്കൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. ഇതോടെയാണ് സംസ്ഥാന കമ്മിറ്റിയെ മരവിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് ലീഗ് എത്തിയത്.
ഹരിത നേതാക്കൾ വനിതാ കമ്മീഷനിലടക്കം നൽകിയ പരാതി പിൻവലിച്ചാൽ നടപടിയെ കുറിച്ച് ആലോചിക്കാമെന്ന് ലീഗും നടപടിയെടുത്താൽ പരാതി പിൻവലിക്കാമെന്ന നിലപാടിൽ ഹരിതയും ഉറച്ച് നിന്നതോടെയാണ് കമ്മിറ്റി മരവിപ്പിക്കാൻ ലീഗിൽ ധാരണയായത്.
ഹരിത ഭാരവാഹികൾ ആരോപണമുന്നയിച്ച എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വിഎ വഹാബ് എന്നിവരോട് രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാനും ആവശ്യപ്പെട്ടിണ്ട്.
പ്രശ്ന പരിഹാരത്തിനിടെ വനിതാ കമ്മീഷനിൽ പരാതി നൽകിയത് അച്ചടക്ക ലംഘനമാണെന്ന് കാട്ടി നേരത്തെ തന്നെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം രംഗത്തെത്തിയിരുന്നു. അച്ചടക്കം ലംഘിച്ച ഹരതിയ്ക്കെതിരേ നടപടിയെടുക്കണമെന്ന് എംഎസ്എഫും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഹരിത നേതാക്കളുമായി ഇന്നലെ മുനവറലി ശിഹാബ് തങ്ങൾ ചർച്ച നടത്തിയെങ്കിലും കമ്മിറ്റി മരവിപ്പിക്കുന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മുസ്ലീം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബ് എന്നിവർക്കെതിരേ ഹരിതയിലെ പത്ത് പെൺകുട്ടികളായിരുന്നു വനിതാ കമ്മീഷന് പരാതി നൽകിയത്.
Discussion about this post