തിരുവനന്തപുരം: മലബാർ ജില്ലകളിൽ പ്ലസ് വണ്ണിന് സീറ്റില്ലാതെ വിദ്യാർത്ഥികൾ കഷ്ടപ്പെടുന്നതിനിടെ മതിയായ കുട്ടികളില്ലാതെ മധ്യതിരുവിതാംകൂറിൽ ഒഴിഞ്ഞുകിടക്കുന്നത് 53 ഹയർ സെക്കണ്ടറി ബാച്ചുകൾ. 2014-2015 വർഷങ്ങളിൽ അനുവദിച്ച 40 ബാച്ചുകളിലും പിന്നീടുള്ള വർഷങ്ങളിൽ അനുവദിച്ച ബാക്കി ബാച്ചുകളിലും ഇതുവരെ സർക്കാർ മാനദണ്ഡപ്രകാരം നിശ്ചയിച്ച കുട്ടികൾ അഡ്മിഷനെടുത്തിട്ടില്ല. ആദ്യ ബാച്ചുകൾ അനുവദിച്ചത് വ്യവസ്ഥകളോടെയായിരുന്നെങ്കിലും അത് നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല.
കുട്ടികളില്ലാത്ത 53 ബാച്ചുകളിൽ 24 എണ്ണവും പത്തനംതിട്ടയിലാണ്. എട്ടെണ്ണം ഇടുക്കിയിലാണ്. ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം ജില്ലകളിലും മതിയായ കുട്ടികളില്ലാത്ത ബാച്ചുകളുണ്ട്. കുട്ടികളില്ലാത്ത ബാച്ചുകളിൽ കൂടുതലും സയൻസ് കൊമേഴ്‌സ് കോമ്പിനേഷനിലുള്ളവയാണ്. 53 ബാച്ചുകളിൽ 26 എണ്ണം സയൻസിലും 23 എണ്ണം കൊമേഴ്‌സിലും നാലെണ്ണം ഹ്യുമാനിറ്റീസിലുമാണ്.
മലബാറിൽ 223,788 പേർ എസ്എസ്എൽസി പരീക്ഷ പാസായി പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുണ്ട്. ബാച്ചുകളുടെ കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ ഇതിൽ 57,073 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റ് ലഭിക്കില്ലെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ ഇവർക്ക് സ്വകാര്യ സെൽഫ് ഫൈനാൻസിങ് സ്ഥാപനങ്ങളിൽ പണം മുടക്കി ഉപരിപഠനസാധ്യത കണ്ടത്തേണ്ട അവസ്ഥ വരും.
വിഎച്ച്എസ്ഇ, പോളിടെക്‌നിക് കോഴ്‌സുകൾ ഇതിന് പുറമേ ഉണ്ടെങ്കിലും ഈ സീറ്റുകളിലേക്ക് സിബിഎസ്ഇ, ഐസിഎസ്ഇ, തമിഴ്‌നാട് ബോർഡ് എക്‌സാം എന്നിവ പാസായി വരുന്ന കുട്ടികളും ഉണ്ടാവും. ഇതോടെ മലബാർ മേഖലയിൽ തുടർപഠനത്തിന് അവസരം ലഭിക്കാത്ത കുട്ടികളുടെ എണ്ണം വീണ്ടും വർധിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, കഴിഞ്ഞ വർഷം ഒരു കുട്ടിപോലും പ്രവേശനം നേടാത്ത ബാച്ചുകളുണ്ട് മധ്യതിരുവിതാകൂറിൽ. ഇവിടെ കൂട്ടിച്ചേർത്ത ബാച്ചുകളിൽ കുട്ടികളില്ലാത്ത സാഹചര്യത്തിൽ സീറ്റുകൾക്ക് ക്ഷാമം നേരിടുന്ന മലബാറിൽ ബാച്ചുകൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ ബാച്ച് അനുവദിക്കുന്നതിന് സർക്കാർ മുന്നോട്ട് വെച്ച മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്തതിനാൽ 40 ബാച്ചുകളിലേക്കുള്ള തസ്തിക സൃഷ്ടിക്കാൻ അനുമതി നൽകിയിട്ടില്ല.