തിരുവനന്തപുരം: താലിബാൻ ഭരണം പിടിച്ചതിന് പിന്നാലെ ജയിലിൽ നിന്നും മോചിപ്പിച്ച 5000ത്തോളം തടവുകാരുടെ കൂട്ടത്തിൽ മലയാളിയായ നിമിഷ ഫാത്തിമയും ഉണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ പ്രതികരിച്ച് അമ്മ ബിന്ദു. ‘അഫ്ഗാനിസ്താനിൽ നിന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടെന്നാണ് അറിഞ്ഞത്. സത്യാവസ്ഥ എനിക്കറിയില്ല. ദൈവത്തിന് നന്ദി’, ബിന്ദു പ്രതികരിച്ചു.
അഫ്ഗാനിൽ തടവിലായിരുന്ന നിമിഷയടക്കമുള്ള എട്ട് മലയാളികളെ താലിബാൻ മോചിപ്പിച്ചതായ വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ബിന്ദുവിന്റെ പ്രതികരണം.
കാബൂളിലെ ബദാം ബാഗ്, പുള്ളി ചർക്കി എന്നിവിടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന തടവുകാരെയാണ് താലിബാൻ മോചിപ്പിച്ചത്. ഐഎസ്, അൽഖായിദ തീവ്രവാദികളാണ് പുറത്തിറങ്ങിയവരിൽ ഭൂരിഭാഗവും. ഈ കൂട്ടത്തിൽ ഐഎസിൽ ചേരാനായി ഇന്ത്യ വിട്ട എട്ട് മലയാളികളും ഉണ്ടെന്നാണ് ഇന്റലിജൻസിന് വിവരം ലഭിച്ചിരിക്കുന്നത്.
കേരളത്തിൽ നിന്ന് ഐഎസിൽ ചേരാൻ പോയി അവിടെ സൈന്യത്തിന്റെ പിടിയിലായി ജയിലിലടക്കപ്പെട്ട ചെയ്ത നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികളാണ് മോചിതരായവരിൽ ഉള്ളതെന്നാണ് വിവരം. 21 പേരാണ് ഇന്ത്യയിൽ നിന്ന് ഇത്തരത്തിൽ പോയത്. ഇവർ മറ്റെതെങ്കിലും രാജ്യത്തിലൂടെ ഇന്ത്യയിലേക്ക് തിരിച്ചുവന്നേക്കാമെന്നാണ് ഇന്റലിജൻസ് കരുതുന്നത്. അതിനാൽ കനത്ത ജാഗ്രതയായിരിക്കും അതിർത്തികളിലും തുറമുഖങ്ങളിലുമുണ്ടാവുക.
2016ലാണ് ഭർത്താവ് പാലക്കാട് സ്വദേശി ബെക്‌സനോടൊപ്പം ഭീകരസംഘടനയായ ഐഎസിൽ ചേരാൻ നിമിഷ എന്ന ഫാത്തിമ നാടുവിട്ടത്. നിമിഷ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചയക്കാൻ ഗനി ഭരണത്തിലുണ്ടായിരുന്ന കാലത്ത് അഫ്ഗാനിസ്താൻ തയ്യാറുമായിരുന്നു. എന്നാൽ, രാജ്യത്തിന്റെ സുരക്ഷയെ കരുതി ഇവരെ തിരികെ കൊണ്ടുവരേണ്ടെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
ഇതു ചോദ്യംചെയ്താണ് നിമിഷയുടെ അമ്മ ബിന്ദു കോടതിയെ സമീപിച്ചിരുന്നു. മകളെയും ചെറുമകൾ ഉമ്മു കുൽസുവിനെയും നാട്ടിലെത്തിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നും കുഞ്ഞിന്റെ സംരക്ഷണം തനിക്കു വിട്ടുകിട്ടണമെന്നുമായിരുന്നു ബിന്ദുവിന്റെ ആവശ്യം.