പയ്യന്നൂര്‍: ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന നടുറോഡില്‍ തള്ളിയിട്ട് പോയ തന്റെ യജമാനനെ നായ കാത്തിരുന്നത് രാത്രിവരെ. പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം റോഡില്‍ തള്ളി ഒരു മന:സാക്ഷിക്കുത്തുമില്ലാതെ കടന്നു പോയ യജമാനനു വേണ്ടിയുള്ള ഈ നായയുടെ കാത്തിരിപ്പ് ഇപ്പോള്‍ നൊമ്പരകാഴ്ചയാവുകയാണ്.
രാവിലെയോടെയാണ്, പട്ടിയെ ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് റോഡില്‍ തള്ളി ഉടമ കടന്നത്. ഇറങ്ങാന്‍ വിസമ്മതിച്ച പട്ടിയെ കാലുകൊണ്ട് തള്ളി താഴെയിട്ട് ഓടിച്ചു പോവുകയായിരുന്നു. അതേ സ്ഥലത്താണ് പട്ടി പ്രതീക്ഷ കൈവിടാതെ യജമാനനായി കാത്തിരുന്നത്. പ്രായമായതും രോമങ്ങള്‍ കൊഴിയാന്‍ തുടങ്ങിയതും മറ്റുമാണ് ഉപേക്ഷിക്കാന്‍ ഇടയാക്കിയതെന്നാണ് നിഗമനം.
മാലിന്യങ്ങള്‍ വലിച്ചെറിയുന്നതു പോലെ വളര്‍ത്തുമൃഗങ്ങളെയും തെരുവില്‍ ഉപേക്ഷിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. വീടുകളില്‍ ജീവിച്ച ഇവ തെരുവില്‍ ആഹാരം കണ്ടെത്താനാവാതെ നരകിച്ച് ചാവുകയാണ് പതിവ്. ഈ തെരുവിലേയ്ക്കാണ് ഈ നായയും എചത്തിയത്. നഗരമധ്യത്തില്‍ പട്ടിയെ ഉപേക്ഷിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് നാട്ടുകാരും മൃഗസ്‌നേഹികളും ആവശ്യപ്പെട്ടു.