തിരുവനന്തപുരം: സ്വാതന്ത്ര്യാനന്തരം ആദ്യമായി ദേശീയ പതാക പാർട്ടി ആസ്ഥാനങ്ങളിൽ ഉയർത്താൻ തീരുമാനിച്ച കമ്മ്യൂണിസ്റ്റ് പാർട്ടികളെ പരിഹസിച്ച ശ്രീജിത്ത് പണിക്കരുടെ ട്രോൾ തിരിച്ചടിച്ചിരിക്കുകയാണ്. പരിഹാസം ഇടതുപാർട്ടികളെ ഉദ്ദേശിച്ചായിരുന്നെങ്കിലും കൊണ്ടത് ബിജെപിക്ക് തന്നെയാണ്. ദേശീയ പതാക തലതിരിച്ച് ഉയർത്തി ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രൻ അബദ്ധം കാണിച്ചതോടെ സോഷ്യൽമീഡിയയുടെ വിമർശനവും കളിയാക്കലുകളും ശ്രീജിത്ത് പണിക്കരും ഏറ്റുവാങ്ങുകയാണ്.
‘ജീവിതത്തിൽ ആദ്യമായി ദേശീയ പതാക കൈകൊണ്ട് തൊടാൻ പോകുന്ന പാർട്ടിക്കാരോട് ഒന്നേ പറയാനുള്ളൂ,പതാക ഉയർത്തുമ്പോൾ കുങ്കുമനിറം മുകളിലും പച്ചനിറം താഴെയും ആയിരിക്കണം. ശീലം ഇല്ലാത്തതല്ലേ. അതുകൊണ്ട് ഓർമ്മിപ്പിച്ചെന്നു മാത്രം. അപ്പൊ ശരി. നടക്കട്ടെ.’- എന്നായിരുന്നു മൂന്ന് ദിവസം മുമ്പത്തെ ശ്രീജിത്ത് പണിക്കരുടെ പരിഹാസം.
എന്നാൽ സ്വാതന്ത്ര്യദിനത്തിൽ പതാകയുടെ പച്ചനിറം മുകളിൽ വരും വിധത്തിൽ പതാക ഉയർത്തി കെ സുരേന്ദ്രൻ തന്നെ മണ്ടത്തരം കാണിച്ച് സോഷ്യൽമീഡിയയുടെ വിമർശനം ഏറ്റുവാങ്ങി. പിന്നാലെയാണ് ശ്രീജിത്ത് പണിക്കർക്ക് എതിരേയും സോഷ്യൽമീഡിയ തിരിഞ്ഞത്. സ്വന്തം പാർട്ടിയുടെ മണ്ടത്തരം മുൻകൂട്ടി പ്രവചിച്ച ശ്രീജിത്ത് പണിക്കർ പ്രവചന സിംഹമാണ് എന്നൊക്കെയാണ് സോഷ്യൽമീഡിയയിൽ നിറയുന്ന ട്രോളുകൾ.
അതേസമയം, ദേശീയ പതാക ഉയർത്തുന്നതിൽ കെ സുരേന്ദ്രനും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും തെറ്റ് സംഭവിച്ചെന്ന് വിശദീകരിക്കുന്ന പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ കമന്റ് സെക്ഷനിലും വാദപ്രതിവാദങ്ങൾ നടക്കുകയാണ്.
ഇന്ന് രാവിലെ ബിജെപി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തുന്നതിനിടെ കെ സുരേന്ദ്രന് ഗുരുതര പിഴവ് സംഭവിക്കുകയായിരുന്നു. പതാകയുടെ മുകളിൽ വരേണ്ട കുങ്കുമം ഭാഗം താഴെയായി തല കീഴായിട്ടാണ് ഉയർത്തിയത്. അബദ്ധം മനസിലായതോടെ പതാക ഉടൻ മാറ്റി കെട്ടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ബിജെപി കേരളം ഔദ്യോഗിക പേജിൽ കട്ട് ചെയ്ത് നീക്കം ചെയ്തു. സുരേന്ദ്രൻ പതാക ഉയർത്തുന്നത് തത്സമയം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.
തിരുവനന്തപുരത്ത് എകെജി സെന്ററിന് പുറത്ത് പാർട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ദേശീയ പതാക ഉയർത്തി സല്യൂട്ട് നൽകി. മുൻ മന്ത്രി എകെ ബാലൻ, എ വിജയകുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.