തിരുവനന്തപുരം: വ്യാജ ഔദ്യോഗിക സ്റ്റിക്കറുകള്‍ വാഹനങ്ങളില്‍ പതിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയ്‌ക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. മാധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സ്റ്റിക്കറുകളാണ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്.
ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്താണ് ഭൂരിഭാഗവും സ്റ്റിക്കര്‍ പതിപ്പിക്കുന്നത്. ചില വര്‍ക് ഷോപ്പുകളിലും മെക്കാനിക്കല്‍ കേന്ദ്രങ്ങളിലും സ്റ്റിക്കര്‍ ലഭ്യമാണ്. ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെ ഉപയോക്താവിന്റെ താത്പര്യപ്രകാരമുള്ള സ്റ്റിക്കര്‍ പതിപ്പിച്ച് നല്‍കും. പോലീസില്‍ നിന്നും പൊതുസ്ഥലങ്ങളില്‍ നിന്നും പരിഗണന ലഭിക്കാന്‍ വേണ്ടിയാണ് പലരും വ്യാജ സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നത്.
നിയമവിരുദ്ധ ഇടപാടുകള്‍ക്ക് മറയായും ഇത്തരം സ്റ്റിക്കറുകള്‍ ഉപയോഗപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഋഷിരാജ് സിങ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആയിരുന്ന സമയത്ത് വ്യാജ സ്റ്റിക്കര്‍ ഒട്ടിക്കുന്നവരെ പിടികൂടാന്‍ നടപടി തുടങ്ങിയിരുന്നു. ജില്ലാ പൊലീസ് മേധാവിമാരെ അദ്ധ്യക്ഷരാക്കി നിരീക്ഷണ സമിതികളും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രാദേശിക സമിതികളും രൂപവത്കരിക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പായില്ല.
2019ല്‍ ടോമിന്‍ ജെ തച്ചങ്കരിയും വ്യാജ സ്റ്റിക്കറുകള്‍ ഇല്ലാതാക്കാന്‍ ശ്രമം നടത്തിയിരുന്നു. സമീപകാലത്ത് വ്യാജ സ്റ്റിക്കറുകളുടെ ഉപയോഗം ഏറിയതോടെയാണ് നടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
സ്റ്റിക്കറിനെ സാധൂകരിക്കുന്ന അംഗീകൃത തിരിച്ചറിയില്‍ രേഖയില്ലാത്തവരുടെ വാഹനങ്ങളില്‍ നിന്ന് അവ നീക്കം ചെയ്യുകയും പിഴയീടാക്കുകയും ചെയ്യും. സ്റ്റിക്കര്‍ പതിപ്പിച്ച് നല്‍കുന്ന കേന്ദ്രങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കും.