ചങ്ങനാശേരി: പൊതുശൗചാലയങ്ങളില്‍ ഉള്‍പ്പെടെ ഫോണ്‍ നമ്പര്‍ എഴുതിവെച്ച് ലൈംഗികത്തൊഴിലാളി എന്ന് പ്രചരിപ്പിച്ചതോടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ് ഒരു വീട്ടമ്മയുടെ. ചേരമര്‍ സംഘം മഹിളാ സംഘം മുന്‍ സംസ്ഥാന സെക്രട്ടറി ജെസി ദേവസ്യയുടെ ഫോണ്‍ നമ്പരാണ് വ്യക്തി വിരോധം തീര്‍ക്കാന്‍ ആരോ പൊതുസ്ഥലങ്ങളിലും പൊതു ശുചിമുറികളിലും എഴുതിവച്ചത്.
നാലുമക്കളുടെ അമ്മയായ ജെസി തയ്യല്‍പ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്. ‘സമാധാനമായി ഒന്നുറങ്ങിയിട്ട് 8 മാസത്തോളമായി, ദിവസം 50 പേരെങ്കിലും വിളിക്കും, അശ്ലീലം പറയും’ ജെസി പറയുന്നു. ‘ഞാന്‍ ഒരമ്മയല്ലേ? പ്രായപൂര്‍ത്തിയായ 3 പെണ്മക്കളും ഒരു മകനുമുണ്ടെനിക്ക്. ഇങ്ങനെ ഉപദ്രവിക്കാതെ മാന്യമായി ജീവിക്കാന്‍ ഞങ്ങളെ അനുവദിച്ചു കൂടേ?’ വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിയാതെ ജെസി ദേവസ്യ വിങ്ങിപ്പൊട്ടി. ‘
”സഹിക്കാനാവാതെ വന്നപ്പോള്‍ പൊലീസില്‍ പരാതി നല്കി. നമ്പര്‍ മാറ്റാനാണ് നിര്‍ദേശം. തയ്യല്‍ ജോലി ചെയ്താണ് ജീവിക്കുന്നത്. പഴയ നമ്പര്‍ മാറ്റുന്നത് ജോലിയെ ബാധിച്ചു. അതിനാല്‍ വീണ്ടും പഴയ നമ്പര്‍ ഉപയോഗിച്ചു തുടങ്ങി. രാത്രി 12 കഴിഞ്ഞാണ് കൂടുതല്‍ ഫോണ്‍വിളികള്‍.”- ജെസി പറയുന്നു.
”പലപ്പോഴും ഫോണെടുക്കുന്നത് മക്കളായിരിക്കും. അവരോടും കേട്ടാലറയ്ക്കുന്ന വൃത്തികേടുകള്‍ പറയും. വിഡിയോ പോസ്റ്റ് ചെയ്തതിനെ പലരും വിമര്‍ശിച്ചു. എന്റെ മുഖം മറയ്ക്കേണ്ടതില്ലല്ലോ, ഞാന്‍ തെറ്റൊന്നും ചെയ്തിട്ടുമില്ല.’ ജെസി പറയുന്നു.
സംഭവത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ‘സാങ്കേതിക സൗകര്യങ്ങള്‍ മറ്റുള്ളവരെ അവഹേളിക്കാന്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഈ പ്രവണത വച്ചുപൊറുപ്പിക്കില്ല. മനുഷ്യരുടെ സൈ്വര്യ ജീവിതം നശിപ്പിക്കുന്ന പ്രവര്‍ത്തനം അനുവദിക്കില്ല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും’, മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ പ്രതികരണം വന്ന് മിനിറ്റുകള്‍ക്കകം ചങ്ങനാശേരി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 44 പേര് ജെസിയെ വിളിച്ചതായി കണ്ടെത്തി. ഇതില്‍ 24 ഫോണ്‍ നമ്പറുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ തന്നെ 20 പേരെയാണ് ഇന്നലെ പൊലീസ് വിളിച്ചത്. പലര്‍ക്കും സംഭവം ഓര്‍മയില്ലെന്നാണ് പൊലീസിനോട് പറഞ്ഞതെന്ന് ഡിവൈഎസ്പി ആര്.ശ്രീകുമാര്‍ പറഞ്ഞു.
സൈബര്‍ സെല്ലില്‍ ഉള്‍പ്പെടെ ജെസി പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതോടെയാണ് അധികൃതര്‍ ഉണര്‍ന്നത്. കുറ്റക്കാരെ ഉടന്‍ തന്നെ കണ്ടുപിടിക്കുകയും വേണ്ട നടപടികള്‍ ഉറപ്പു വരുത്തുകയും ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ പറഞ്ഞു.
Discussion about this post