വൃക്കരോഗികളുടെ ചികിത്സയ്ക്കായി പണം കണ്ടെത്താൻ കൗൺസിലർമാരുടെ ബസ് സർവീസ്; മാതൃകയായി തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി: വൃക്കരോഗികളുടെ ചികിത്സാ ധനസഹായത്തിനായി പണം സമാഹരിക്കാൻ സ്വകാര്യ ബസുമായി സർവീസ് നടത്തി കൗൺസിലർമാർ. തിരൂരങ്ങാടി നഗരസഭയിലെ വൃക്കരോഗികളുടെ ചികിത്സക്കായി ചെയർമാന്റെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനാണ് കൗൺസിലർമാർ ബസ് സർവീസ് നടത്തിയത്. ഈ സേവനയാത്രയിലൂടെ 23,200 രൂപ സമാഹരിക്കുകയും ചെയ്തു.

കക്കാട് കെഎം മുഹമ്മദ് എന്ന കെഎംടി കാക്ക സ്വന്തം ബസ് ജനസേവനത്തിനായി വിട്ടുനൽകുകയായിരുന്നു. ബസിലേക്കുള്ള ഇന്ധനം യൂത്ത് ലീഗും യൂത്ത് കോൺഗ്രസും സംയുക്തമായി നൽകി. ശനിയാഴ്ച രാവിലെ 6.20നാണ് കോട്ടക്കൽകോഴിക്കോട് റൂട്ടിൽ സേവനയാത്ര നടത്തിയത്.

സമാഹരിച്ച തുക ചെയർമാന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. അംഗങ്ങളായ കരിപറമ്പത്ത് സൈതലവി, സിഎച്ച് അജാസ്, പികെ മഹ്ബൂബ്, അലിമോൻ തടത്തിൽ എന്നിവരാണ് ഒരു ദിവസത്തേക്ക് ബസ് തൊഴിലാളികളുടെ കുപ്പായമണിഞ്ഞെത്തിയത്.

കക്കാട് കെപി മുഹമ്മദ് കുട്ടി ഫ്‌ലാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്‌സൻ സിപി സുഹ്‌റാബി അധ്യക്ഷത വഹിച്ചു. യാത്രക്കാരിൽനിന്ന് ടിക്കറ്റ് ഇനത്തിലും സംഭാവന ഇനത്തിലുമാണ് പണം സ്വരൂപിച്ചത്.

കൗൺസിലർമാർ തന്നെയായിരുന്നു ബസ് തൊഴിലാളികളായത്. കൗൺസിലർമാരായ സൈതലവി ഡ്രൈവറും അലിമോൻ തടത്തിൽ കണ്ടക്ടറും അജാസ് ക്ലീനറും മഹ്ബൂബ് ചെക്കറുമായി വാഹനം യാത്ര ആരംഭിക്കുകയായിരുന്നു. നഗരസഭ ചെയർമാന്റെ ദുരിതാശ്വാസ നിധിയിൽനിന്ന് 30 വൃക്ക രോഗികൾക്ക് സഹായം നൽകുന്നുണ്ട്. കൂടുതൽ രോഗികളിലേക്ക് സഹായം നൽകുന്നതിനാണ് പുതു ദൗത്യം ഏറ്റെടുത്തത്. പലയിടങ്ങളിലായി യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ യാത്രക്ക് സ്വീകരണവും ഒരുക്കി.

Exit mobile version