അമ്പലപ്പുഴ: കളിക്കുന്നതിനിടെ സഹോദരന്‍ ഹെല്‍മെറ്റായിവെച്ചുകൊടുത്ത സ്റ്റീലിന്റെ കലം ഒരുവയസ്സുകാരന്റെ തലയില്‍ കുടുങ്ങി. ഏട്ടനാണ് അനുജന്റെ തലയില്‍ കലം വെച്ചു കൊടുത്തത്. എന്നാല്‍ പിന്നീട് തല ഊരിയെടുക്കാന്‍ കഴിയാത്ത വിധി കുടുങ്ങുകയായിരുന്നു.
മാതാപിതാക്കളും നാട്ടുകാരും തല പുറത്തെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് കലം പുറത്തെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തിയത്. അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്ത് മൂന്നാംവാര്‍ഡ് കോമന കട്ടക്കുഴി ചേരുതോപ്പുവീട്ടില്‍ രാകേഷിന്റെയും ശ്രീലതയുടെയും മകന്‍ കാശിനാഥന്റെ തലയിലാണു കലം കുടുങ്ങിയത്.
പോലീസിനെയും വിവരമറിയിച്ചിരുന്നു. തകഴി അഗ്നിരക്ഷാസേന ഏഴുകിലോമീറ്റര്‍ അകലെയുള്ള യൂണിറ്റില്‍നിന്ന് അമ്പലപ്പുഴ വടക്കേനടയിലെത്തിയപ്പോള്‍ ലെവല്‍ക്രോസ് തീവണ്ടി പോകാനായി അടച്ചിരിക്കുകയായിരുന്നു. തുടര്‍ന്നു കുട്ടിയെയും മാതാപിതാക്കളെയും പോലീസ് ജീപ്പില്‍ റെയില്‍വേ അടിപ്പാതവഴി വടക്കേനടയില്‍ ലെവല്‍ക്രോസിനുസമീപമെത്തിച്ചു.
അസി. സ്റ്റേഷന്‍ ഓഫീസര്‍ എസ്. സുരേഷ്, സേനാംഗങ്ങളായ ടി.എന്‍. കുഞ്ഞുമോന്‍, അജിത്കുമാര്‍, സി. ദാസ്, ആര്‍. രതീഷ്, എന്‍.ബി. രാജേഷ്‌കുമാര്‍, തന്‍സീര്‍ എന്നിവര്‍ ചേര്‍ന്നാണു കലം മുറിച്ചുനീക്കി കുട്ടിയെ രക്ഷപ്പെടുത്തിയത്.