കൊച്ചി: എറണാകുളം എടത്തലയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. എടത്തല പീടികപ്പറമ്പില്‍ മുഹമ്മദ് കബീറാണ് അറസ്റ്റിലായത്. ഇയാളെ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ മൂന്നാം തീയ്യതിയായിരുന്നു പൂക്കാട്ടുപടിയിലെ തഖ്ദീസ് ആശുപ്രതിയിലെ ഡോക്ടര്‍ ജീസന്‍ ജോണിയെ മുഹമ്മദ് കബീര്‍ മര്‍ദ്ദിച്ചത്. ഭാര്യയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ കൊണ്ടു വന്നതായിരുന്നു മുഹമ്മദ് കബീര്‍.
ഭാര്യയുടെ ശരീരത്തില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള ചികിത്സ വേണ്ടെന്ന് മുഹമ്മദ് കബീര്‍ ഡോക്ടറോട് പറഞ്ഞു. ഇതിന് ശേഷം ഡോക്ടറെ അസഭ്യം പറയുകയും മര്‍ദ്ദിയ്ക്കുക ആയിരുന്നുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.
മുഹമ്മദ് കബീറിനെതിരെ ജീസന്‍ ജോണി പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. അറസ്റ്റ് വൈകുന്നതിനെതിരെ ഐഎംഎയുടെ നേത്യത്വത്തില്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. വാക്സിന് നല്കുന്ന നടപടി ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കുമെന്നും വ്യക്തമാക്കിയിരുന്നു.
പോലീസ് പിടികൂടുന്നതിന് മുന്‍പ് മുഹമ്മദ് കബീര്‍ എടത്തല സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളെ പോലീസ് ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി. കോടതി മുഹമ്മദ് കബീറിനെ കോടതി റിമാന്റ് ചെയ്തു. കോവിഡ് പരിശോധന റിപ്പോര്‍ട്ട് വന്നതിന് ശേഷം കാക്കനാട് ജില്ലാ ജയിലിലേയ്ക്ക് മാറ്റും.
ഡോക്ടര്‍ ജീസന്‍ ജോണിയ്ക്കെതിരെ അറസ്റ്റിലായ മുഹമ്മദ് കബീറിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ പരാതി മുഹമ്മദ് കബീറിനെ രക്ഷിയ്ക്കുന്നതിന് വേണ്ടി മനഃപ്പൂര്‍വ്വം നല്‍കിയതെന്നാണ് പോലീസ് സംശയിയ്ക്കുന്നത്. വനിതാ നഴ്സുമാരുടെ ഉള്‍പ്പെടെ സാനിധ്യത്തിലായിരുന്നു ഡോക്ടര്‍ ജീസന്‍ ജോണി രോഗിയായ സ്ത്രീയെ പരിശോധിച്ചത്.
ആശുപത്രി ഡയറക്ടറുടെ ബന്ധുവായതിനാലാണ് മുഹമ്മദ് കബീറിന്റെ അറസ്റ്റ് വൈകുന്നതെന്ന ഐഎംഎ ആരോപിച്ചിരുന്നു. ഡോക്ടറെ മര്‍ദ്ദിക്കുന്ന സ്ഥലത്ത് സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചിരുന്നു. എന്നാല്‍ പോലീസ് ദ്യശ്യങ്ങള്‍ തേടിയപ്പോള്‍ ക്യാമറ പ്രവര്‍ത്തിയ്ക്കുന്നില്ലെന്ന വിശദീകരണമാണ് ആശുപത്രിയില്‍ നിന്നും നല്‍കിയത്. ഇത് മുഹമ്മദ് കബീറിനെ രക്ഷിയ്ക്കാനാണെന്ന് സംശയമുണ്ട്.
അതേസമയം ഡോക്ടര്‍മാരെ മര്‍ദിച്ച സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി ഐ.എം.എ. രംഗത്തെത്തിയിരുന്നു. ആക്രമണങ്ങള്‍ എല്ലാം നടന്നത് ഈ ആരോഗ്യമന്ത്രിയുടെ കാലത്ത് തന്നെയാണ്. മന്ത്രിയെ നേരില്‍ കണ്ട് പ്രശ്നങ്ങള്‍ ബോധിപ്പിച്ചതാണ്. എന്നിട്ടും ശ്രദ്ധയില്‍പ്പെടാതെ പോകുന്നത് ഉത്തരവാദിത്വമില്ലായ്മയാണെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ: പി.ടി. സക്കറിയാസ് പറഞ്ഞു.
അതിക്രമം നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ വാക്സിനേഷന് അടക്കമുളവ നിര്‍ത്തി വെയ്ക്കുമെന്നും ഐഎംഎ മുന്നറിയിപ്പു നല്കി. വ്യക്തിപരമായി മന്ത്രിയെ വിമര്‍ശിക്കുന്നില്ല, എന്നാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവ് വേണം. സ്വന്തം കുഞ്ഞുങ്ങളുടെ കാര്യം അറിയില്ല എന്ന് പറയും പോലെയാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post