തൃശൂര്‍: ആദിവാസി ഊരുകളില്‍ നിന്നും ചികിത്സ വൈകി ഉണ്ടാകുന്ന അപകട വാര്‍ത്തകള്‍ക്കിടെ മനസിന് ആനന്ദം നല്‍കുന്ന വാര്‍ത്ത പങ്കുവെയ്ക്കുകയാണ് എളനാട് ആദിവാസി കോളനിയിലെ താമസക്കാരിയായ മഞ്ജു. 29 വയസുകാരിയായ മഞ്ജു കഴിഞ്ഞദിവസം ആംബുലന്‍സിലാണ് ആരോഗ്യവതിയായ കുഞ്ഞിന് ജന്മം നല്‍കിയത്. പുലര്‍ച്ചെ നാലു മണിയോടെയാണ് പൂര്‍ണഗര്‍ഭിണിയായ മഞ്ജുവിന് പ്രസവ വേദന തുടങ്ങിയത്. ഉടനെ, പഴയന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് വിളിച്ചു. ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടുകൊടുത്തു.
ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഭര്‍ത്താവ് ഗിരീഷിനേയും കൂട്ടി പറപറക്കുന്നതിനിടെ പ്രസവം നടക്കുന്ന ലക്ഷണങ്ങള്‍ കണ്ടതോടെ പഴയന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് തന്നെ ആംബുലന്‍സ് തിരിച്ചുവിടാന്‍ തീരുമാനിച്ചു.
ഡോക്ടര്‍ ബിന്ധ്യ രാധാകൃഷ്ണന്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ക്വാര്‍ട്ടേഴ്‌സില്‍ തന്നെയാണ് താമസം. ആശുപത്രി ജീവനക്കാര്‍ ഡോക്ടറോട് പറഞ്ഞപ്പോള്‍ ഉടനെ പാഞ്ഞെത്തി. ആംബുന്‍സ് എത്തിയാല്‍ ഉടനെ പ്രഥമ ശുശ്രൂഷ കൊടുക്കാന്‍ വേണ്ട എല്ലാ ക്രമീകരണങ്ങളും ഡോക്ടര്‍ ചെയ്തു. ആംബുന്‍സ് എത്തി ഡോര്‍ തുറന്നപ്പോള്‍ ഡോക്ടര്‍ കണ്ടത് പ്രസവം കഴിഞ്ഞ് കുഞ്ഞ് പുറത്തുവരുന്നതാണ്. ഓക്‌സിജന്റെ അളവ് കുറവായിരുന്നു കുഞ്ഞിന്. പൊക്കിള്‍ക്കൊടി വേര്‍പ്പെടുത്തി അമ്മയും കുഞ്ഞിനും സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രഥമ ശുശ്രൂഷ നല്‍കി.
ഉടനെ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുഞ്ഞാണ്. 3.1 കിലോയാണ് തൂക്കം. ഗിരീഷ്, മഞ്ജു ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണിത്. ആദ്യത്തെ രണ്ടും പെണ്‍മക്കള്‍ തന്നെയാണ്.