ആലുവ: ഡോക്ടറെ ഡ്യൂട്ടിക്കിടെ മര്‍ദിച്ച കേസിലെ പ്രതി അറസ്റ്റില്‍. എടത്തല കുഞ്ചാട്ടുകര പീടികപ്പറമ്പില്‍ മുഹമ്മദ് കബീറാണ്(36) അറസ്റ്റിലായത്. പുക്കാട്ടുപടി തഖ്ദീസ് ആശുപത്രിയിലെ ഡോക്ടര്‍ ജീസണ്‍ ജോണിയെ മര്‍ദിച്ച സംഭവത്തിലാണ് മുഹമ്മദ് കബീര്‍ അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഓഗസ്റ്റ് 3ന് ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. ആശുപത്രി അത്യാഹിത വിഭാഗത്തിനു മുന്‍പിലാണ് ഡോക്ടര്‍ക്കു മര്‍ദനമേറ്റത്. ഭാര്യയും ഒമ്പതു വയസ്സുള്ള കുട്ടിയുമായി ചികിത്സയ്ക്കെത്തിയതായിരുന്നു പ്രതി.
കോവിഡ് രോഗബാധിതയായ ഭാര്യ ആശുപത്രിയിലെത്തുമ്പോള്‍ നെഗറ്റീവായിരുന്നതായി പറയുന്നു. കുട്ടിക്ക് പനിയും വയറുവേദനയും ഉണ്ടായിരുന്നു. കുട്ടിയെ പരിശോധിച്ച ശേഷം മാതാവിനെ പരിശോധിക്കുന്നതിനിടെയാണ് ഡോക്ടര്‍ക്കു മര്‍ദനമേറ്റത്. പിന്നില്നിന്നായിരുന്നു ആക്രമണം.
വനിതാ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നു. പ്രതിക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. സുരക്ഷാ ജീവനക്കാര്‍ എത്തിയാണ് ഡോക്ടറെ ഇയാളുടെ ആക്രമണത്തില്‍നിന്നു രക്ഷപെടുത്തിയത്. ഭാര്യയോടു സംസാരിച്ചത് ഇഷ്ടപ്പെടാതിരുന്നതാണ് ആക്രമണത്തിനു കാരണമെന്നാണു വിലയിരുത്തല്‍.
വിദേശത്തായിരുന്ന പ്രതി രണ്ടാഴ്ച മുന്‍പാണ് അവധിക്കെത്തിയത്. സംഭവംനടന്നു പത്തു ദിവസത്തിനുശേഷമാണ് പ്രതി കീഴടങ്ങിയത്. പ്രതിയെ അറസ്റ്റു ചെയ്യാത്തതിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകളില്‍ നിന്നുള്‍പ്പടെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.
സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലെയും കോവിഡ് വാക്സിനേഷന് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുമെന്നു കഴിഞ്ഞ ദിവസം ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി.സഖറിയാസ് മുന്നറിയിപ്പു നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് പ്രതി കീഴടങ്ങിയത്.ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് അറിയിച്ചു. അതേസമയം ഡോക്ടര്‍ക്കെതിരെ പ്രതിയുടെ ഭാര്യയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിനെ രക്ഷപ്പെടുത്താനുള്ള വ്യാജ പരാതിയാണ് ഇതെന്നാണ് പൊലീസ് വിലയിരുത്തല്‍.
Discussion about this post