മഞ്ചേശ്വരം ചെക്‌പോസ്റ്റിൽ പണം പിരിക്കാൻ അഞ്ചുപേരെ ‘നിയമിച്ച്’ ഉദ്യോഗസ്ഥർ; വിജിലൻസിന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നത്; ദിവസവും കൊയ്യുന്നത് ലക്ഷങ്ങൾ

കാസർകോട്: മഞ്ചേശ്വരം ചെക്‌പോസ്റ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങളിൽ നിന്നും പരിശോധന ഒഴിവാക്കാനായി കൈക്കൂലി വാങ്ങാൻ ‘സമാന്തര ഉദ്യോഗസ്ഥ നിയമനം’. മറ്റ് ചെക്‌പോസ്റ്റുകളിലും കൈക്കൂലിയും അഴിമതിയും നടക്കുന്നുണ്ടെങ്കിലും മഞ്ചേശ്വരത്തെ തട്ടിപ്പ് സമാനതകളില്ലാത്തതാണ്. ഈ ചെക്‌പോസ്റ്റ് വഴി പോവുന്ന വാഹനങ്ങളിൽനിന്ന് കൈക്കൂലി വാങ്ങാൻ മാത്രം അഞ്ചംഗ സംഘത്തെയാണ് ഇവിടുത്തെ ഉദ്യോഗസ്ഥർ നിയോഗിച്ചിരിക്കുന്നത്. മണിക്കൂറിൽ ആയിരങ്ങളാണ് ഇങ്ങനെ കൈക്കലാക്കുന്നത്. ദിവസവരുമാനമാകട്ടെ ലക്ഷങ്ങളാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞദിവസം വിജിലൻസ് നടത്തിയ പരിശോധനയിൽ ഒരുമണിക്കൂറിൽ സംഘം തരപ്പെടുത്തിയ 16900 രൂപയാണ് പിടികൂടിയത്. എന്നാൽ, തട്ടിപ്പുകാരെ കസ്റ്റഡിയിലെടുക്കാനോ കേസെടുക്കാനോ വിജിലൻസിന് സാധിച്ചിട്ടില്ല. ഉദ്യോഗസ്ഥർ നേരിട്ട് കൈക്കൂലി വാങ്ങുന്നത് ഒഴിവാക്കാനാണ് ഇടനിലക്കാരായി ഏജന്റുമാരെ നിയോഗിച്ചിരിക്കുന്നത്. ചെക്‌പോസ്റ്റ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ‘പ്രത്യേക നിയമനം’ എന്നാണു സൂചന.

വിജിലൻസ് ഡിവൈഎസ്പി കെവി വേണുഗോപാലിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച പുലർച്ച നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടത്. പുലർച്ച 5.40 മുതൽ 6.40 വരെ ഏജന്റുമാർ ശേഖരിച്ച പണമാണിത്. ഓരോ മണിക്കൂറിലും ലഭിക്കുന്ന തുക ഏജന്റുമാർ വേണ്ടപ്പെട്ടവർക്ക് അപ്പപ്പോൾ കൈമാറിയതിനാൽ 5.40ന് മുമ്പു ലഭിച്ചത് കണ്ടെത്തിയിട്ടില്ല.

ചെക്‌പോസ്റ്റ് എഎംവിഐയുടെ നേതൃത്വത്തിൽ ആറ് വർഷം മുമ്പ് ദിവസവേതനാടിസ്ഥാനത്തിൽ അഞ്ചുപേരെ നിയമിച്ചിരുന്നു. ഇവർക്കുള്ള ശമ്പളം ഏജന്റുമാർ മുഖേന വാങ്ങുന്ന കൈക്കൂലിപ്പണത്തിൽ നിന്നാണ് നൽകിയിരുന്നതെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.

Exit mobile version