മലപ്പുറം: റേഷൻകടയുടെ മുന്നിൽ നിന്നും മോഷണം പോയ ഓണക്കിറ്റുകൾ അധികം വൈകാതെ തിരിച്ചെത്തിച്ച് കള്ളൻ. മലപ്പുറം ചങ്ങരംകുളത്താണ് റേഷൻ കടയിൽ നിന്ന് മോഷണം പോയ ഓണ കിറ്റുകൾ തിരിച്ചെത്തിയത്. മോഷണം പോയി രണ്ട് ദിവസത്തിന് ശേഷമാണ് കിറ്റുകൾ തിരിച്ചെത്തിയത്.
ആലംകോട് പഞ്ചായത്തിലെ മാന്തടം റേഷൻ കടയിൽ നിന്നും ഒരാൾ രണ്ട് കാർഡുകളിലെ കിറ്റുകൾ വാങ്ങി പുറത്ത് വെച്ചിരുന്നു. എന്നാൽ കിറ്റ് എടുക്കാൻ വന്നപ്പോഴേക്കും അത് മോഷണം പോവുകയായിരുന്നു. പിന്നീട് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുമെന്ന വാർത്തകൾ വന്നതോടെ കള്ളന് മാനസാന്തരം ഉണ്ടാവുകയും മോഷണം പോയ കിറ്റുകൾ അതേ സ്ഥലത്ത് തന്നെ എത്തിക്കുകയുമായിരുന്നു.
അതേസമയം, ഇതിന് മുമ്പും സമാനമായ രീതിയിൽ ഷേൻ കടയ്ക്ക് മുന്നിൽ മോഷണം നടന്നിരുന്നെന്നാണ് റേഷൻ കടയുടമ പരാതിപ്പെട്ടിരിക്കുന്നത്. വാങ്ങിവെച്ച റേഷൻ അരിയും മറ്റും ഉടമകൾ വാഹനം എടുക്കാനോ മറ്റോ പുറത്ത് പോയ സമയം നോക്കി മോഷണം പോയ നിലയിലായിരുന്നു പരാതികൾ.
ഇത്തരത്തിൽ റേഷൻ കടയ്ക്ക് പുറത്തിരുന്ന കിറ്റ് മോഷ്ടിച്ചുകൊണ്ടുപോയ കള്ളൻ വിവരം മാധ്യമങ്ങളിൽ വാർത്തയായതോടെ ഭയന്ന് തിരിച്ചുകൊണ്ടുവന്നു വെച്ചതായിരിക്കാമെന്നും സൂചനയുണ്ട്. മോഷണവുമായി ബന്ധപ്പെട്ട് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും വാർത്തയുണ്ടായിരുന്നു. ഇതോടെ കള്ളൻ ഭയപ്പെട്ടെന്നാണ് നിഗമനം.
അതേസമയം, ഓണക്കിറ്റ് വിവാദമാക്കാൻ ചിലർ നടത്തുന്ന ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്നാണ് സിപിഐഎം പ്രവർത്തകർ പറയുന്നത്. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.