ആലുവ: ജനസേവ ശിശുഭവന്റെ സംരക്ഷണയില്‍ വളര്‍ന്ന ആരതി മോള്‍ സുമംഗലിയാകുന്നു. ജനസേവയുടെ ആരതി ഇനി കോഴിക്കോടുകാരന്‍ ജിതിനു സ്വന്തം. ജനസേവ ശിശുഭവനില്‍ വളര്‍ന്ന് മണവാട്ടിയാകുന്ന പതിനാലാമത്തെ പെണ്‍കുട്ടിയാണ് ആരതി. ഇപ്പോള്‍ കൊല്‍ക്കത്ത അപ്പോളോ ആശുപത്രിയിലെ നഴ്‌സാണ്.
കോഴിക്കോട് കൂടരഞ്ഞി കുറുമ്പേല്‍ കെഎ ജോസിന്റെ മകന്‍ ജിതിനാണ് ആരതിയെ ജീവിത സഖിയാക്കുന്നത്. ഈ മാസം 23ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ വച്ചാണ് വിവാഹം. എറണാകുളം ലിസി ആശുപത്രിയുടെ കീഴിലായിരുന്നു നഴ്‌സിംഗ് പഠനം. ജിതിന്‍ ഡെന്റല്‍ ടെക്‌നീഷ്യനാണ്.
കോവിഡ് നിയന്ത്രണങ്ങള്‍ മൂലം മനസമ്മത ചടങ്ങുകള്‍ ഒഴിവാക്കി ജനസേവ സ്ഥാപകന്‍ ജോസ് മാവേലിയുടെയും പ്രസിഡന്റ് ചാര്‍ളി പോളിന്റെയും മറ്റും സാന്നിദ്ധ്യത്തില്‍ ശിശുഭവനില്‍ വച്ച് ജിതിന്‍ ആരതിയെ മോതിരമണിയിച്ച് വിവാഹവാഗ്ദാന ചടങ്ങ് നടത്തുകയായിരുന്നു.
ജനസേവ ശിശുഭവനില്‍ നിന്ന് പഠിച്ചിറങ്ങി നഴ്സിംഗ് രംഗത്തേയ്ക്ക് പ്രവേശിച്ച ആദ്യത്തെ പെണ്‍കുട്ടിയാണ് ആരതി. 2002ല്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അനാഥയായ ആരതിയെ അഞ്ചാം വയസില്‍ അകന്ന ബന്ധുവാണ് ജനസേവയിലെത്തിച്ചത്. ഈ ബന്ധവും പിന്നീട് അന്വേഷിച്ചെത്തിയില്ല.
പഠനത്തില്‍ മിടുക്കിയായിരുന്ന ആരതിയെ ജനസേവ അടിസ്ഥാന വിദ്യാഭ്യാസത്തിലൊതുക്കാതെ എറണാകുളം ലിസി ആശുപത്രിയില്‍ നിന്ന് നഴ്സിഗ് പഠനം പൂര്‍ത്തിയാക്കുന്നതിനും തുടര്‍ന്ന് കൊല്‍ക്കത്ത അപ്പോളോ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനും സഹായിച്ചു. ദന്തല്‍ ടെക്‌നീഷ്യനാണ് ജിതിന്‍. വിവാഹശേഷം ജിതിനോടൊപ്പം ആരതി ജിതിന്റെ മാതാപിതാക്കള്‍ ജോലി ചെയ്യുന്ന ഇറ്റലിയിലേക്ക് പോകും.
1998ല്‍ ആരംഭിച്ച ജനസേവ നിരവധി കുട്ടികളെ തെരുവില്‍ നിന്ന് രക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ചിട്ടുണ്ട്. ഇതില്‍ 70-തോളം കുട്ടികള്‍ വിദേശത്തും സ്വദേശത്തുമായി ഹോട്ടല്‍ മേഖലയിലും രണ്ട് പേര്‍ ബാങ്കുകളിലും രണ്ട് പേര്‍ നേഴ്സുമാരായും ഒരാള്‍ പോലീസിലും നൂറോളം പേര്‍ വിവിധ വ്യവസായ സ്ഥാപനങ്ങളിലും ജോലി നോക്കുന്നു.