കണ്ണൂർ: പത്തോളം കേസുകൾ ചുമത്തപ്പെട്ടതോടെ യൂട്യൂബേഴ്സായ ഇ ബുൾജെറ്റ് സഹോദരന്മാർ എബിൻ, ലിബിൻ എന്നിവർക്ക് കുരുക്ക് മുറുകുന്നു. ഇവരുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾക്ക് പോലീസ് ആരംഭിച്ചെന്നാണ് സൂചന. കണ്ണൂർ ജില്ലാ സെഷൻസ് കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് പോലീസ് ഹർജി നൽകിയേക്കും.
നേരത്തെ കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള കേസുകളിലാണ് പത്തിലേറെ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരിട്ടി സ്വദേശികളായ എബിൻ, ലിബിൻ എന്നിവരെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെതുടർന്ന് ഇവരുടെ വാൻ കസ്റ്റഡിയിലെടുത്തതോടെയാണ് എല്ലാ സംഭവങ്ങളുടേയും തുടക്കം. നിയമ നടപടികൾക്കായി യുട്യൂബർമാരോട് തിങ്കളാഴ്ച ആർടി ഓഫിസിലെത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നികുതി അടയ്ക്കാൻ കൂട്ടാക്കാതിരുന്ന ഇവർ ഓഫിസിലെത്തി ബഹളംവെച്ച് സംഘർഷഭരിതമായ രംഗങ്ങൾ സൃഷ്ടിക്കുകയായിരുന്നു. 19 അനുയായികളുമായാണ് ഇവർ ഓഫിസിലെത്തിയതെന്നും നിയമലംഘനങ്ങൾ പറഞ്ഞുമനസ്സിലാക്കുകയാണ് ചെയ്തതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ, തങ്ങളെ മോട്ടോർ വാഹന വകുപ്പ് അധികൃതർ പീഡിപ്പിക്കുകയാണെന്ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടതോടെ ഇവരുടെ നിരവധി ആരാധകരും സ്ഥലത്തെത്തി. ഉദ്യോഗസ്ഥർ മർദ്ദിക്കുകയാണെന്നും കള്ളക്കേസിൽ കുടുക്കുകയാണെന്നും അറിയിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ലൈവ് വിഡിയോയും ഇവർ പങ്കുവെച്ചിരുന്നു. എന്നാൽ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇവർ പറയുന്നത് കള്ളമാണെന്ന് തെളിഞ്ഞിരുന്നു. എങ്കിലും സോഷ്യൽമീഡിയയിലടക്കം ചർച്ചകൾ സജീവമാണ്.
Discussion about this post